ശിവമൊഗ്ഗ: ആവശ്യപ്പെട്ട സ്ത്രീധനം പൂർണമായി നൽകിയില്ലെന്നാരോപിച്ച് അഞ്ച് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. കർണാടകയിലെ സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിലാണ് ക്രൂരസംഭവം.
സ്റ്റാഫ് നഴ്സായിരുന്ന ശ്വേത (30) ആണ് കൊല്ലപ്പെട്ടത്. മാർച്ച് 30ന് ഭർത്താവിന്റെ വീട്ടിൽ വെച്ച് ശ്വേതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശ്വേതയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ ഒന്നിന് ചികിത്സയിലിരിക്കെ മരിച്ചു. അഞ്ച് മാസം ഗർഭിണിയായിരുന്നു ശ്വേത.
സംഭവത്തെ തുടർന്ന് സ്ത്രീധന പീഡനവും കൊലപാതകവും ചുമത്തി സോറബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർതൃപിതാവ് സണ്ണപ്പ, ഭർതൃമാതാവ് ജാനകി, ഭർത്താവിന്റെ സഹോദരൻ ഹേമന്ത്, ഹേമന്തിന്റെ ഭാര്യ ദിവ്യ എന്നിവരാണ് അറസ്റ്റിലായത്. സംസ്കാരച്ചടങ്ങുകൾക്ക് പിന്നാലെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഉളവി സ്വദേശികളായ മഞ്ജപ്പ-നാഗരത്ന ദമ്പതികളുടെ മകളാണ് ശ്വേത. 2020ൽ ഹൊഡബട്ടെ സ്വദേശിയായ നവീനുമായി വിവാഹിതയായ ശ്വേതയ്ക്ക് നാല് വയസ്സുള്ള ഒരു മകളുണ്ട്. ഉളവി ഡയഗ്നോസ്റ്റിക് സെന്ററിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
ശ്വേതയ്ക്കും ഗർഭസ്ഥ ശിശുവിനും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെയുപോലും കരുണകാണിക്കാതെ നടത്തിയ ഈ കൊലപാതകം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. കേസിൽ അന്വേഷണം തുടരുന്നു.




