കോഴിക്കോട്: മദ്യവുമായെത്തിയ ലോറി എതിർദിശയിൽ വന്ന കാറിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. മൈസൂർ ഭാഗത്ത് നിന്നും ബിയർ കുപ്പികളുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ വയനാട് സ്വദേശി കൃഷ്‌ണനെ ഫയർഫോഴ്‌സ് സംഘം പുറത്തെത്തിച്ച് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ ശ്രമഫലമായാണ് ഇദ്ദേഹത്തെ ലോറിയിൽ നിന്നും പുറത്തെത്തിക്കാൻ കഴിഞ്ഞത്.
200 കെയ്‌സ് ബിയർ കുപ്പികളാണ് ലോറിയിലുണ്ടായിരുന്നത്. ഇവയെല്ലാം റോഡിലേക്ക് വീണു. ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. തിരക്കേറിയ റോഡിൽ ബിയർ കുപ്പികൾ പൊട്ടിത്തകർന്നു. എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കണക്കെടുക്കും.




