മലപ്പുറം: പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവന്ന ലഹരി കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. 19 ഗ്രാം എംഡിഎംഎയുമായി കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് രക്ഷപ്പെട്ടത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം സബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം.
ജയിലിന് പുറത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി ഒരു കയ്യിലെ വിലങ് അഴിച്ചു കൊടുത്തിരുന്നു. ഇതേ തുടർന്നാണ് പ്രതി ഓടി രക്ഷപ്പെട്ടത്. ഉടൻ പൊലീസ് പിന്തുടർന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. അമീർ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.






