തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസിൽ ഏഴ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു. സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെയുള്ളവരെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസിന് കൈമാറിയത്.
പ്രതിയായ ഐ.പി. ബിനുവിന്റെ ആരോഗ്യനില പരിഗണിച്ച് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. അദ്ദേഹത്തിന് രക്തസമ്മർദ്ദം കൂടുതലാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് പ്രത്യേക നിർദേശം നൽകിയത്. ചോദ്യം ചെയ്യൽ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ട് മാത്രമേ നടത്താവൂ എന്നും കോടതി വ്യക്തമാക്കി.
വഞ്ചിയൂർ അമ്പലത്തുമുക്ക് സ്വദേശി രേവന്ത്, വർക്കല ഇളകമൺ സ്വദേശി ലെനിൻ രാജ്, നെയ്യാറ്റിൻകര തെക്കുമ്പുറം കാവിന് സമീപം ജി ആർ നന്ദു, നെയ്യാറ്റിൻകര മഞ്ചവിളാകം സ്വദേശി രാഹുൽ രാജൻ, നെടുമങ്ങാട് തറട്ട സ്വദേശി രാഹുൽ, പാപ്പനംകോട് കൈമനം സ്വദേശി വൈശാഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി സംഘം പരിശോധനയ്ക്ക് ശേഷം മടങ്ങുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും വാഹനങ്ങൾക്ക് കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ഇ.ഡി വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിന്റെ ആസൂത്രണം, പിന്നിലെ ഉദ്ദേശ്യം, മറ്റ് പങ്കാളികൾ എന്നിവ കണ്ടെത്തുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.






