ന്യൂഡൽഹി: ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിൽക്കണമെന്ന് ആഹ്വാനം ചെയ്ത് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. തൃണമൂൽ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ബിജെപി ഭീഷണിയും സമ്മർദവും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്ന് അവർ ആരോപിച്ചു.
പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന വിമത നേതാക്കൾ മമത ബാനർജിയോടും പാർട്ടി പ്രവർത്തകരോടും വിശ്വാസവഞ്ചന കാട്ടിയതാണെന്ന് മഹുവ പറഞ്ഞു. തൃണമൂലിന്റെ പിന്തുണയിൽ വിജയിച്ച നേതാക്കൾക്ക് ജനപിന്തുണയുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ ആദ്യം സ്ഥാനമൊഴിഞ്ഞ് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിച്ച് അത് തെളിയിക്കണമെന്നും അവർ വെല്ലുവിളിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതിരുന്നതിനെ തുടർന്ന് ബിജെപി മറ്റ് പാർട്ടികളെ പിളർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് മഹുവ ആരോപിച്ചു. തിരഞ്ഞെടുപ്പിലൂടെ അധിക എംപിമാരെ നേടാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ബിജെപി രാഷ്ട്രീയ കണക്കുകൂട്ടലുകളുമായി മുന്നോട്ടുപോകുന്നതെന്നും അവർ പറഞ്ഞു.
“തൃണമൂൽ കോൺഗ്രസ് എന്നാൽ മമത ബാനർജിയാണ്. ഇന്ന് വിമതരായി മാറിയ നേതാക്കളെ ജനങ്ങൾ തെരഞ്ഞെടുത്തത് മമതയുടെ നേതൃത്വത്തിലുണ്ടായ വിശ്വാസം കൊണ്ടാണ്,” മഹുവ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസിനെതിരെ ഭീതിയും ജനവിരുദ്ധ പ്രതിച്ഛായയും സൃഷ്ടിക്കാൻ ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണവും അവർ ഉന്നയിച്ചു.
മുതിർന്ന നേതാക്കളുടെ രാജിയും എംപിമാരുടെ വിമതനീക്കങ്ങളും പാർട്ടിക്കുള്ളിലെ ഭിന്നതകളും ചർച്ചയാകുന്ന സാഹചര്യത്തിലാണ് മഹുവയുടെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളിലായി തൃണമൂലിന്റെ മൂന്ന് രാജ്യസഭാ അംഗങ്ങൾ രാജിവെച്ചിരുന്നു. ലോക്‌സഭാ അംഗങ്ങൾക്കിടയിലും അസ്വാരസ്യങ്ങൾ ശക്തമായതായി റിപ്പോർട്ടുകളുണ്ട്.






