കോഴിക്കോട്: തിരുവമ്പാടിയിൽ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ എട്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. ഇഹ്‌സാൻ ഷമീറിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ മെയ് 15നാണ് വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗാവസ്ഥ കൃത്യമായി വിലയിരുത്തുന്നതിലും ആവശ്യമായ പരിശോധനകൾ നടത്തുന്നതിലും ചികിത്സ നൽകുന്നതിലും വീഴ്ചയുണ്ടായെന്നാണ് പരാതി. പിന്നീട് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടി മരണപ്പെടുകയായിരുന്നു. അശ്രദ്ധമൂലമുള്ള മരണം എന്ന കുറ്റം ചുമത്തിയാണ് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
മകന് വയറുവേദന മാത്രമുണ്ടായിരുന്നതിനാലാണ് ആദ്യം ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. മരുന്ന് നൽകി ആദ്യം വീട്ടിലേക്ക് അയച്ചു. വേദന കുറയാത്തതിനെ തുടർന്ന് പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അഡ്മിറ്റ് ചെയ്ത ശേഷവും കൃത്യമായ പരിശോധനകൾ നടത്താത്തതിനാൽ രോഗത്തിന്റെ യഥാർഥ കാരണം കണ്ടെത്താനായില്ലെന്നാണ് മാതാവിന്റെ ആരോപണം.
വയറുമായി ബന്ധപ്പെട്ട സ്കാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ മഞ്ഞപ്പിത്തവും കരൾവീക്കവും നിസാരമായി കണ്ടെന്നും പരിശോധന അടുത്ത ദിവസം നടത്താമെന്ന് പറഞ്ഞ് ഒഴിവാക്കിയെന്നും മാതാവ് ആരോപിച്ചു. പിറ്റേന്ന് കുഴപ്പമില്ലെന്നും സുഖപ്പെടുമെന്നും അറിയിച്ച് മെയ് 25ന് കുട്ടിയെ ഡിസ്ചാർജ് ചെയ്തു. എന്നാൽ ഡിസ്ചാർജ് ചെയ്യുന്ന സമയത്തും കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമുണ്ടായിരുന്നില്ലെന്നും ആശുപത്രിയിലെത്തിയ ശേഷം കുട്ടി മിക്കപ്പോഴും ഒരേ കിടപ്പിലായിരുന്നെന്നും ചർമം മഞ്ഞനിറത്തിലായിരുന്നെന്നും അവർ പറഞ്ഞു.
ഡോക്ടറുടെ ശ്രദ്ധക്കുറവാണ് എട്ടുവയസ്സുകാരനായ മകന്റെ മരണത്തിന് കാരണമായതെന്നാണ് മാതാവിന്റെ ആരോപണം. കേസുമായി മുന്നോട്ടുപോകുമെന്നും തനിക്ക് സംഭവിച്ചതുപോലൊരു ദുരവസ്ഥ മറ്റൊരു അമ്മയ്ക്കും ഉണ്ടാകരുതെന്നും അവർ പറഞ്ഞു. കുട്ടിയുടെ രോഗാവസ്ഥ കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കാമായിരുന്നുവെന്നും മാതാവ് കൂട്ടിച്ചേർത്തു.


