പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് ഒരു മരണം റിപ്പോർട്ട് ചെയ്തു. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ താമസിക്കുന്ന 62 വയസുകാരിയായ മാറിയയാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇവർക്ക് പനി ബാധിച്ചത്. ആദ്യം എലുമ്പുലാശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പനി കുറയാതിരുന്നതിനെ തുടർന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
അതേസമയം, സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം ശക്തമായി തുടരുകയാണ്. ഇന്നലെ മാത്രം 12,441 പേർ പനി ബാധിച്ച് ചികിത്സ തേടി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 239 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇൻഫ്ലുവൻസ ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ഷിഗെല്ല രോഗബാധയിലും വർധനവുണ്ട്. ഇന്നലെ 18 പേർക്ക് ഷിഗെല്ല സ്ഥിരീകരിക്കുകയും ഒരു മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
വയറിളക്ക രോഗങ്ങളുമായി 3,379 പേർ ചികിത്സ തേടിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇടവിട്ടുള്ള മഴ രോഗവ്യാപനം വർധിപ്പിക്കാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.





