കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു പബ്ലിക് ആശുപത്രിയിൽ ഡോക്ടറുടെ വേഷം ധരിച്ച് എത്തി രോഗികളെ വഞ്ചിക്കുകയും വ്യാജ വാഗ്ദാനങ്ങളിലൂടെ പണം തട്ടിയെടുക്കുകയും ചെയ്ത കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും പിഴയും ശിക്ഷയായി വിധിച്ചു. ക്രിമിനൽ കോടതി ഇയാൾക്ക് 3,000 കുവൈത്ത് ദിനാർ പിഴയും ചുമത്തി.
ഡോക്ടറുടെ കോട്ടും ഔദ്യോഗിക യൂണിഫോമും ധരിച്ച് ആശുപത്രിക്കുള്ളിൽ സ്വതന്ത്രമായി സഞ്ചരിച്ച ഇയാൾ ജീവനക്കാരെയും രോഗികളെയും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സൗന്ദര്യവർദ്ധക ശസ്ത്രക്രിയ നടത്തിക്കൊടുക്കാമെന്നും എല്ലാ മെഡിക്കൽ നടപടികളും വേഗത്തിലാക്കാമെന്നും വാഗ്ദാനം ചെയ്ത് ഒരു യുവതിയിൽ നിന്ന് 950 കുവൈത്ത് ദിനാർ ഇയാൾ കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.
സംശയാസ്പദമായി ആശുപത്രിക്കുള്ളിൽ ഇയാൾ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ നടന്ന ശാസ്ത്രീയ പരിശോധനയിലാണ് തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.
കോടതിയിൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് ഇയാൾക്കെതിരെ കഠിനതടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ വിധിക്കുകയായിരുന്നു.






