തിരുവനന്തപുരം: ഇന്ന് വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കാനിരിക്കെ കനത്ത ജാഗ്രതയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂര്‍ മുമ്പ് പാലിക്കേണ്ട കര്‍ശനമായ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകള്‍, ഘോഷയാത്രകള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍ അല്ലെങ്കില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള മറ്റ് വിനോദ പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്. ടെലിവിഷന്‍, സിനിമ അല്ലെങ്കില്‍ മറ്റ് സമാന ഉപകരണങ്ങള്‍ വഴി തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു.
വോട്ടെടുപ്പ് ദിവസവും അതിന്റെ തലേദിവസവും പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും പാര്‍ട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടന്‍ മണ്ഡലം വിട്ടു പോകേണ്ടതാണ്.




