കൊച്ചി: എറണാകുളം ഏലൂരിൽ കുടുംബവഴക്കിനിടെ അടുക്കള വാതിലിന്റെ ചില്ല് തകർക്കുന്നതിനിടെ കൈമുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.
കുടുംബവഴക്കത്തെ തുടർന്ന് ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർക്കുന്നതിനിടെയാണ് പ്രവീണിന്റെ കൈ മുറിഞ്ഞത്. രക്തസ്രാവമുണ്ടായതിനെ തുടർന്ന് അദ്ദേഹം കുളിമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു.
കുറച്ച് സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ഭാര്യ സഹോദരനെ വിവരം അറിയിച്ചു. തുടർന്ന് ഏലൂർ പൊലീസിനെയും വിളിച്ചുവരുത്തി. പൊലീസ് എത്തി പ്രവീണിനെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ബുധനാഴ്ച പുലർച്ചെ 3.30ഓടെ മരിച്ചു.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ ഷിംന. മക്കൾ: ആൻഡ്രിയ, അജോയ്.




