കറാച്ചി: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിൽ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ബജൗർ ജില്ലയിലെ കൗസർ ക്രിക്കറ്റ് ഗ്രൗണ്ടിൽ ശനിയാഴ്ച നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. സ്ഫോടക വസ്തു ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെയായിരുന്നു സംഭവം. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ സൈന്യം പോരാടുകയും സുരക്ഷാ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് സ്ഫോടനം ഉണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും, കഴിഞ്ഞ മാസം സുരക്ഷാ സേന ആരംഭിച്ച ഓപ്പറേഷൻ സർബകാഫിനെ ഉദ്ധരിച്ച് സ്ഫോടനം നടത്തിയത് തീവ്രവാദികളാണെന്നാണ് അധികൃതർ ആരോപിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളെ തുടർന്നാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. കൊഹാത് ജില്ലയിലെ ലാച്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്.




