തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ജവാദിനെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം ഉപയോഗിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപെടുത്തിയെന്ന പരാതിയിലാണ് നടപടി. മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ ഉത്തരവ് വന്നത്.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയെ തുടർന്ന് നേരത്തെ തന്നെ പ്രിൻസിപ്പലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ സർക്കാർ ഉദ്യോഗസ്ഥർ വ്യക്തികളെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നത് ചട്ടലംഘനമാണെന്ന് വകുപ്പ് വ്യക്തമാക്കി.






