മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ഉണ്ടായ വിമാനപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ അന്തരിച്ചു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തില്‍ യാത്ര ചെയ്തത്. അപകടത്തില്‍ പെട്ടതോടെ വിമാനം പൂര്‍ണ്ണമായും കത്തിനശിക്കുകയായിരുന്നു.
2024 ഡിസംബര്‍ മുതല്‍ 2026 ജനുവരിയില്‍ മരിക്കുന്നതുവരെ ദേവേന്ദ്ര ഫഡ്നാവിസിന്റെ കീഴില്‍ ഏക്നാഥ് ഷിന്‍ഡെയോടൊപ്പം മഹാരാഷ്ട്രയുടെ എട്ടാമത്തെ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി അല്ലാതെ, മഹാരാഷ്ട്രയുടെ ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിന് സ്വന്തമാണ്.
എട്ട് തവണ നിയമസഭാംഗം, അഞ്ച് തവണ ഉപ-മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്‌സഭാംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുതിര്‍ന്ന എന്‍.സി.പി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബരാമതിയില്‍ 1959 ജൂലൈ 22ന് ജനനം.
1982ല്‍ പൂനൈ ജില്ലയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോര്‍ഡ് അംഗമായിയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തെ പ്രവേശനം. 1991 മുതല്‍ 2007 വരെ പൂനൈ ജില്ല സഹകരണ ബാങ്ക് ചെയര്‍മാനായിരുന്നു. 1991-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബരാമതിയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്‌സഭാംഗത്വം രാജിവെച്ചു.
1991-ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബരാമതിയില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബരാമതിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയില്‍ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് വകുപ്പിന്റെ മന്ത്രിയായി അധികാരമേറ്റു.
2010-ലെ അശോക് ചവാന്‍ മന്ത്രിസഭയില്‍ ആദ്യമായി ഉപ-മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പൃഥ്വിരാജ് ചവാന്‍, ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെ,ഏക്നാഥ് ഷിന്‍ഡെ എന്നിവരുടെ മന്ത്രിസഭകള്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാരുകളുടെ കീഴില്‍ ആറ് തവണ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. മന്ത്രിസഭകളില്‍ വീണ്ടും ഉപ-മുഖ്യമന്ത്രിയായി.
2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി ശക്തികേന്ദ്രമായ മാവലില്‍ നിന്ന് മത്സരിച്ച മകന്‍ പാര്‍ത്ഥ് പവാര്‍ ശിവസേന സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടതോടെ അജിത് പവാര്‍ ശരദ് പവാറുമായി അകല്‍ച്ചയിലായി.
2019-ല്‍ ശിവസേന + എന്‍.സി.പി + കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ച മഹാവികാസ് അഘാഡി സര്‍ക്കാരില്‍ ഉപ-മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2022-ല്‍ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ 2022-ല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അജിത് തിരഞ്ഞെടുക്കപ്പെട്ടു.
2023 മെയില്‍ എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാര്‍ രാജിവച്ചതോടെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും പ്രഫുല്‍ പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു.
പാര്‍ട്ടിയില്‍ പദവികള്‍ ഒന്നും ലഭിക്കാതെ നിരാശനായിരുന്ന അജിത് പ്രതിപക്ഷ നേതാവായി തുടരാന്‍ താത്പര്യം ഇല്ലെന്നും പാര്‍ട്ടി നേതൃ പദവി വേണമെന്നും ശരദ് പവാറിനോട് ആവശ്യപ്പെട്ടെങ്കിലും ശരദ് പവാര്‍ വഴങ്ങിയില്ല.
2023 ജൂലൈ 2ന് എന്‍സിപി പിളര്‍ത്തി അജിത് പവാര്‍ ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന- ബി.ജെ.പി സര്‍ക്കാരില്‍ ഉപ-മുഖ്യമന്ത്രിയായി ചേര്‍ന്നു. നാലു വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് അജിത് ഉപ-മുഖ്യമന്ത്രിയാവുന്നത്. ശരദ്പവാറിന്റെ വിശ്വസ്തരായ മുതിര്‍ന്ന നേതാക്കളായ ഛഗന്‍ ഭുജ്ബല്‍, പ്രഫുല്‍ പട്ടേല്‍, ദിലീപ് വല്‍സ പാട്ടീല്‍ എന്നിവരുടെ പിന്തുണയും അജിത്തിന് ലഭിക്കുകയുണ്ടായി.
ജൂലൈ രണ്ടാം തീയതി എന്‍സിപിയിലെ 53 എംഎല്‍എമാരില്‍ 29 പേരുമായി രാജ്ഭവനിലെത്തിയാണ് അജിത് അട്ടിമറിനീക്കം നടത്തിയത്. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാര്‍ നേതൃത്വം നല്‍കുന്നതിനിടെയാണ് എന്‍സിപിയിലെ പിളര്‍പ്പ്.
അജിത് പവാറിന്റെ മാറ്റത്തോടെ 288 അംഗ നിയമസഭയില്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിന് 204 അംഗങ്ങളുടെ പിന്തുണയായി. 2022 ജൂണ്‍ 30 ാണ് ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപ-മുഖ്യമന്ത്രിയുമായി മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയത്. നിയമസഭയിലെ അയോഗ്യത ഒഴിവാക്കുന്നതിനായി എന്‍സിപിയുടെ ആകെയുള്ള 53 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാര്‍ ഉറപ്പിച്ചു.
2024 ഫെബ്രുവരി 6ന് അജിത് പവാര്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. ഇത് പ്രകാരം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അഥവാ എന്‍സിപി എന്ന പേരും പാര്‍ട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് സ്വന്തമായി. മഹാരാഷ്ട്രയിലെ എന്‍സിപിയില്‍ ആകെയുള്ള 87 ജനപ്രതിനിധികളില്‍ 57 പേരും നിലവില്‍ അജിത് പവാറിനൊപ്പമാണ് ഉണ്ടായിരുന്നത്. ആറ് മാസം നീണ്ട് നിന്ന ഹിയറിംഗിന് ശേഷമാണ് കമ്മീഷന്റെ തീരുമാനം വന്നത്.
2024-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നയിച്ച മഹായുതി സഖ്യത്തില്‍ നിന്ന് 59 ഇടങ്ങളില്‍ മത്സരിച്ച അജിത് പവാറിന്റെ പാര്‍ട്ടിയായ എന്‍സിപി 41 സീറ്റുകളില്‍ അത്യുജ്വല വിജയം കാഴ്ചവെച്ചു.
132 സീറ്റ് നേടിയ ബിജെപി, 57 സീറ്റുകളില്‍ വിജയിച്ച ഏകനാഥ് ഷിന്‍ഡെ വിഭാഗം നയിച്ച ഔദ്യോഗിക പാര്‍ട്ടിയായ ശിവസേന എന്നിവര്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയത്തിലെയും മഹാരാഷ്ട്ര നിയമസഭയിലേയും മൂന്നാമത്തെ വലിയ പാര്‍ട്ടിയായി അജിത് പവാര്‍ നയിച്ച എന്‍സിപി മാറി.
2024-ലെ നിയമസഭ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തോടെ 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 234 അംഗങ്ങളുടെ പിന്തുണയോടെ (ബിജെപി + ശിവസേന + എന്‍സിപി) കൂട്ടായ്മയായ മഹായുതി എന്നറിയപ്പെടുന്ന എന്‍ഡിഎ സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി മഹാരാഷ്ട്രയില്‍ അധികാരം നില നിര്‍ത്തുകയും ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നികത്താനാകാത്ത വിടവാണ് അദ്ദേഹത്തിന്റെ വിയോഗം.




