കൊച്ചി: കൊച്ചി ആസ്ഥാനമായ ഫെഡറൽ ബാങ്ക് 2025-26 സാമ്പത്തിക വർഷത്തിലെ ജനുവരി–മാർച്ച് പാദത്തിൽ മികച്ച നേട്ടം രേഖപ്പെടുത്തി. 22% വളർച്ചയോടെ 1259.10 കോടി രൂപയാണ് ബാങ്കിന്റെ ലാഭം, മുൻവർഷത്തെ സമാനകാലത്തെ 1030.2 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ ഉയർച്ച. കഴിഞ്ഞ ഒക്ടോബർ–ഡിസംബർ പാദത്തിലെ 1041 കോടിയേക്കാൾ 21% വർധനയും രേഖപ്പെടുത്തി.
ബാങ്കിന്റെ മൊത്തം ബിസിനസ് പാദാടിസ്ഥാനത്തിൽ 4.54% ഉയർന്ന് 5.78 ലക്ഷം കോടി രൂപയായി. മൊത്തം വായ്പകൾ 3.65% വർധിച്ച് 2.68 ലക്ഷം കോടി രൂപയിലും, നിക്ഷേപം 5.41% ഉയർന്ന് 3.13 ലക്ഷം കോടി രൂപയിലും എത്തി. റീട്ടെയിൽ, ഗോൾഡ് ലോൺ, മൈക്രോ ലോൺ മേഖലകളിൽ ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. എൻആർഇ/എൻആർ നിക്ഷേപവും കാസ (Current Account Savings Account) നിക്ഷേപവും ചേർന്ന് ആദ്യമായി ഒരു ലക്ഷം കോടി രൂപ പിന്നിട്ടത് പ്രധാന നേട്ടമായി.
പ്രവർത്തനക്ഷമതയുടെ പ്രധാന സൂചികയായ അറ്റ പലിശ വരുമാനം (NII) 2377 കോടിയിൽ നിന്ന് 3173 കോടിയായി ഉയർന്നു. അറ്റ പലിശ മാർജിൻ (NIM) 3.12%ൽ നിന്ന് 3.74% ആയി മെച്ചപ്പെട്ടു. കാസ അനുപാതം 32.94% ആയി ഉയർന്നു. പ്രവർത്തനലാഭം 1465 കോടിയിൽ നിന്ന് 2276 കോടിയായി വർധിച്ചതും ശ്രദ്ധേയമാണ്.
ആസ്തികളുടെ ഗുണമേന്മയിലും പുരോഗതി പ്രകടമായി. മൊത്തം നിഷ്ക്രിയ ആസ്തി അനുപാതം (GNPA) 1.84%ൽ നിന്ന് 1.62% ആയി കുറഞ്ഞപ്പോൾ, അറ്റ നിഷ്ക്രിയ ആസ്തി (NNPA) 0.44%ൽ നിന്ന് 0.20% ആയി താഴ്ന്നു. മൂലധന പര്യാപ്തതാ അനുപാതം (CRAR) 17.25% ആയി ഉയർന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും പ്രവാസിപ്പണമൊഴുക്ക് കുറയാതെ വർധിച്ചതായി ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയൻ വ്യക്തമാക്കി. സംഘർഷങ്ങൾ ശമിച്ചാൽ ഇത് കൂടുതൽ ഉയരുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ പ്രധാന എൻആർഐ റമിറ്റൻസ് ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്കിന് ഈ മേഖലയിലെ വിപണിവിഹിതം 19.72% ആണ്.
ജനുവരി–മാർച്ച് പാദത്തിൽ 39 പുതിയ ശാഖകൾ തുറന്ന ബാങ്ക്, വളർച്ച ലക്ഷ്യമിട്ട് ശാഖകളുടെ പുനഃക്രമീകരണവും നടത്തുന്നുണ്ട്. ജീവനക്കാരുടെ എണ്ണം കുറയില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം, NSEയിൽ ഫെഡറൽ ബാങ്ക് ഓഹരികൾ 2.34% താഴ്ന്ന് 283.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 69,973 കോടി രൂപ വിപണിമൂല്യമുള്ള ബാങ്ക്, കഴിഞ്ഞ ഒരു വർഷത്തിൽ ഏകദേശം 40% വരുമാനവും, മൂന്ന് വർഷത്തിൽ 110%വും, അഞ്ച് വർഷത്തിൽ 265%വും നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്.




