മലപ്പുറം: ചെറുമുക്കിൽ പ്രവർത്തിക്കുന്ന ബൈക്ക് വർക്ക് ഷോപ്പിൽ വൻ തീപിടുത്തം. ‘ഫ്‌ളൈ വീൽസ്’ എന്ന ബൈക്ക് വർക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ഷോപ്പിലുണ്ടായിരുന്ന 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു.
രാത്രി ഒരു മണിക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. തീ സമീപത്തെ മൃഗാശുപത്രിയിലേക്കും പടർന്നതോടെ അവിടെയുണ്ടായിരുന്ന മരുന്നുകളും രേഖകളും കത്തി നശിച്ചു.
താനൂർ, തിരൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






