ന്യൂഡൽഹി: കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ആദ്യ ചെയർമാനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ധനേന്ദ്ര കുമാർ (80) എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചു. തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസിലുള്ള വസതിയിൽ ഇന്നലെ രാത്രി 11.18ഓടെയായിരുന്നു സംഭവം. എസിയുടെ ഇൻഡോർ യൂണിറ്റ് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടർന്നാണ് അപകടമുണ്ടായത്.
അപകടത്തിൽ ധനേന്ദ്ര കുമാറിന്റെ മകനും പരുക്കേറ്റ് ചികിത്സയിലാണ്. അപകടസമയത്ത് കുടുംബാംഗങ്ങളും ജോലിക്കാരും ഉൾപ്പെടെ അഞ്ച് പേർ വീട്ടിലുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി എല്ലാവരെയും പുറത്തേക്കെത്തിച്ചു.
പുക ശ്വസിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ധനേന്ദ്ര കുമാറിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. മകന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ അസ്വാഭാവികതയൊന്നും സംശയിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. 1968 ബാച്ച് ഹരിയാന കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ധനേന്ദ്ര കുമാർ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളിലും ഭരണരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു. കേന്ദ്ര സർക്കാരിലും ഹരിയാന സർക്കാരിലും വിവിധ ഉയർന്ന പദവികൾ വഹിച്ച അദ്ദേഹം പ്രതിരോധ മന്ത്രാലയം, റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം എന്നിവിടങ്ങളിൽ കേന്ദ്ര സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.






