പാരീസ്: അഴിമതി കേസിൽ ശിക്ഷിച്ച ഫ്രാൻസ് മുൻ പ്രസിഡന്റ് നിക്കോളസ് സർക്കോസിയെ ഏകാന്തതടവിൽ പാർപ്പിക്കുമെന്നും സുരക്ഷാ കാരണങ്ങളാൽ മറ്റ് തടവുകാരിൽ നിന്ന് അദ്ദേഹത്തെ അകറ്റി നിർത്തുമെന്നും റിപ്പോർട്ടുകൾ. 2007 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ലിബിയൻ നേതാവ് മുഅമർ ഗദ്ദാഫിയിൽ നിന്ന് പണം വാങ്ങിയ കേസിലാണ് സർക്കോസിക്ക് അഞ്ചുവർഷം തടവുശിക്ഷ ലഭിച്ചത്. പാരീസിലെ വിചാരണക്കോടതിയുടേതായിരുന്നു വിധി. ജയിൽ ശിക്ഷ അനുഭവിക്കുന്ന ആദ്യ ഫ്രാൻസ് പ്രസിഡന്റാണ് സർക്കോസി. 2007 മുതൽ 2012 വരെ പ്രസിഡന്റായിരുന്ന സർക്കോസി, ലാ സാന്റെ ജയിലിൽ നടപ്പാക്കുന്ന തന്റെ ജയിൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ട്.
അതേ സമയം തടവ് സർക്കോസിയുടെ ദൃഢനിശ്‌ചത്തെ ശക്തിപ്പെടുത്തുമെന്നും നിരപരാധിയാണെന്ന് തെളിയിക്കാൻ ഈ
അനുഭവങ്ങൾ കരുത്തേകുമെന്നും അഭിഭാഷകൻ ക്രിസ്‌റ്റോഫ് ഇൻഗ്രെയിൻ പറഞ്ഞു. തന്റെ ജയിൽ അനുഭവത്തെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ സർക്കോസി പദ്ധതിയിടുന്നുണ്ടെന്നും ഇൻഗ്രെയിൻ പറഞ്ഞു. ഏകദേശം 9 ചതുരശ്ര മീറ്റർ (95 ചതുരശ്ര അടി) വിസ്തീർണ്ണമുള്ള സെല്ലിലാണ് സർക്കോസിയുടെ തടവ്. തനിക്ക് ജയിലിൽ പ്രത്യേക പരിഗണന വേണ്ടെന്ന് സർക്കോസി നേരത്തെ പറഞ്ഞിരുന്നു. അതേ സമയം സർക്കോസിക്ക് പിന്തുണയർപ്പിക്കാൻ നിരവധിയാളുകൾ ജയിലിന് പുറത്ത് തടിച്ചുകൂടി.




