തിരുവനന്തപുരം: മാരകായുധങ്ങളുമായി സംഘം ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ നാല് യുവാക്കളെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. മൺവിള സ്വദേശി അനസ് (21), പാങ്ങപ്പാറ സ്വദേശികളായ അഫ്സൽ (21), അദ്വൈത് (20), ചാവടിമുക്ക് സ്വദേശി അബുബേക്കർ സിദ്ദിഖ് (19) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ്റിപ്ര, കുഴിവിള, നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപമാണ് സംഭവം. പ്രതികൾ സംഘം ചേർന്ന് സ്ഥലത്തെത്തി ആളുകളുമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു.
ഇത് ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയിൽ അടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർക്ക് നേരെ തോക്കും വാളും കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പൊലീസ് അറിയിച്ചു. പിന്നീട് പൊലീസ് പിന്തുടർന്ന് പ്രതികളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




