ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിൽപന നടത്തുന്ന സംഘം ലഖ്‌നൗവിൽ പിടിയിൽ. വിവാഹം കഴിപ്പിക്കുമെന്ന് പറഞ്ഞ് പെൺകുട്ടികളെ വീടുകളിൽ നിന്ന് കൊണ്ടുവന്ന് ആവശ്യക്കാരിൽനിന്ന് വലിയ തുക വാങ്ങി വിറ്റിരുന്നതാണ് സംഘത്തിന്റെ രീതി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയാണ് പ്രതികൾ ചൂഷണം ചെയ്തിരുന്നത്. അനുരാഗ് യാദവ്, അക്തർ, പ്രിയ പാട്ടീൽ എന്നീ മൂന്നു പ്രതികളാണ് ഇപ്പോൾ പിടിയിലായത്. പ്രിയ പാട്ടീലാണ് കേസിലെ മുഖ്യ ആസൂത്രകൻ എന്ന് ലഖ്‌നൗ മോഹൻലാൽഗഞ്ച് പോലീസ് അറിയിച്ചു.
പോലീസിന്റെ അന്വേഷണത്തിൽ ഇരുപതോളം പെൺകുട്ടികളെ ഈ സംഘം വിറ്റിരുന്നതായും, പ്രധാനമായും രാജസ്ഥാനിലേക്ക് അയച്ചിരുന്നതായും കണ്ടെത്തി. പെൺകുട്ടികളെ അണിയിച്ചൊരുക്കി ഫോട്ടോകൾ എടുത്ത് ആവശ്യക്കാർക്ക് അയച്ച്, അവരുടെ ആവശ്യത്തിനനുസരിച്ച് വിൽക്കുന്നതായിരുന്നു പ്രതികളുടെ രീതി. ആദ്യഘട്ടത്തിൽ 17 വയസ്സുള്ള പെൺകുട്ടിയെയാണ് ഇവർ ആദ്യമായി വിറ്റത്. ഒരു പെൺകുട്ടിക്ക് അപകടമൊന്നും സംഭവിക്കാത്തതിനാൽ ഇവർ ഇത് തുടർന്നൊരു തൊഴിൽ ആയി മാറ്റിയെന്ന് പൊലീസ് പറഞ്ഞു. ഓരോ പെൺകുട്ടിക്കും ഏകദേശം ഒന്നരലക്ഷം രൂപ വരെ വാങ്ങി വിറ്റിരുന്നതായാണ് കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് ഇനിയും രണ്ടുപേരെ പിടികൂടാനുള്ള നടപടികൾ തുടരുകയാണ്. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന നാല് വാഹനങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ട്. വിറ്റ പെൺകുട്ടികളുടെയും, പ്രദേശത്തുനിന്നും കാണാതായ പെൺകുട്ടികളുടെയും വിവരങ്ങളും ഇപ്പോഴും അന്വേഷണത്തിലുണ്ട്.






