തിരുവനന്തപുര: ‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ’ എന്ന് പൊലീസിനെതിരെ ഇന്നെ മുദ്രാവാക്യം വിളി മുഴങ്ങി. മഴ നനഞ്ഞ് പൊലീസിനെതിരെ തൊണ്ടപൊട്ടി മുദ്രാവാക്യം വിളിക്കാന്‍ നേതൃത്വം നല്‍കിയതു മറ്റാരുമല്ല, മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ തന്നെ. ‘പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല. കാക്കിക്കുള്ളില്‍ പൊലീസെങ്കില്‍ നിയമം ഞങ്ങള്‍ പാലിക്കും. കാക്കിക്കുള്ളില്‍ സിപിഎം എങ്കില്‍ പോടാ പുല്ലേ പൊലീസേ. പിണറായിയുടെ പൊലീസേ ഗോ ബാക്ക്’…… അങ്ങനെ പോകുന്നു ആ മുദ്രാവാക്യം വിളി.
വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകുകയായിരുന്നു ശ്രീലേഖ. നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് നടപടി വൈകിയാല്‍ താന്‍ നേരിട്ട് വന്ന് പ്രതിഷേധിക്കുമെന്നും ധര്‍ണയിരിക്കുമെന്നും അവർ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. പിന്നാലെയാണ് പ്രതിഷേധവും വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തിയത്. കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യത്തെ വനിതാ ഡിജിപിയായിരുന്ന ആര്‍. ശ്രീലേഖ തന്നെ ഈ മുദ്രാവാക്യം വിളിച്ചതാണ് ശ്രദ്ധേയമായത്.




