ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വഴി കടക്കാൻ ശ്രമിച്ച രണ്ട് ചരക്ക് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ. ഐആർജിസി നാവികസേനയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. പനാമ പതാകയുള്ള എംഎസ്സി ഫ്രാൻസിസ്‌കയും ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടസും ആണ് പിടിച്ചെടുത്ത കപ്പലുകൾ എന്നാണ് റിപ്പോർട്ട്. യുഎഇയിലെ ജബൽ അലി തുറമുഖത്ത് നിന്ന് ഗുജറാത്തിലെ മുന്ദ്രയിലേക്ക് പോകുകയായിരുന്നു എപാമിനോണ്ടസ്. ഈ കപ്പൽ ഉൾപ്പെടെ രണ്ടും ഇറാനിയൻ തീരത്തേക്ക് മാറ്റിയിട്ടുണ്ട്.
എംഎസ്സി ഫ്രാൻസിസ്‌ക ഹോർമുസ് കടലിടുക്കിന് സമീപം ഏകദേശം ആറു നോട്ടിക്കൽ മൈൽ അകലെയായിരുന്നപ്പോൾ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ ഈ കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടന്നതായി യുകെ മാരിടൈം ഏജൻസിയും അറിയിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിൽ ക്രമവും സുരക്ഷയും ലംഘിച്ചതിനാലാണ് കപ്പലുകൾ പിടിച്ചെടുത്തതെന്ന് ഇറാൻ അറിയിച്ചു. അനുമതിയില്ലാതെ കടലിടുക്ക് കടക്കാൻ ശ്രമിച്ചതാണെന്നും ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു. കപ്പലുകളിലെ ചരക്കുകൾ, രേഖകൾ എന്നിവ പരിശോധിക്കുന്നതിനായി ഇവയെ തീരദേശത്തേക്ക് മാറ്റിയിട്ടുണ്ട്. നിയമലംഘന ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.




