തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,400 രൂപയായി. ഗ്രാമിന് 14,300 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. മെയ് 13ന് കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെ തുടർന്ന് സ്വർണവിലയിൽ വലിയ വർധനവുണ്ടായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ പവന് 10,200 രൂപ വരെ വില ഉയർന്നിരുന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന സ്വർണവില 1,23,120 രൂപയായി രേഖപ്പെടുത്തിയതുമാണ്. പിന്നീട് ദിവസങ്ങളിലായി വിലയിൽ തുടർച്ചയായി മാറ്റം സംഭവിക്കുകയാണ്.
ഇതിനിടെ, സ്വർണ ഇറക്കുമതി ചുങ്കം 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്തെത്തി. ഇറക്കുമതി കുറയ്ക്കാനാണ് ഈ തീരുമാനം എടുത്തതെങ്കിലും ഇതിലൂടെ സ്വർണക്കള്ളക്കടത്ത് വർധിക്കാനിടയുണ്ടെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. മുമ്പ് 15 ശതമാനം ഇറക്കുമതി ചുങ്കം ഉണ്ടായിരുന്നപ്പോൾ ഇന്ത്യയിലേക്ക് ഏകദേശം 1000 ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നുവെന്നും, 6 ശതമാനം ചുങ്കമുള്ളപ്പോൾ ഇറക്കുമതി 800 ടണ്ണിൽ താഴെയായിരുന്നുവെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.
ഒരു കിലോ സ്വർണം കള്ളക്കടത്തായി എത്തിച്ചാൽ 20 ലക്ഷം രൂപയ്ക്കുമുകളിൽ ലാഭം ലഭിക്കാമെന്നും, ജിഎസ്ടി ഒഴിവാക്കി സമാന്തര വിപണിയിൽ വിൽക്കുമ്പോൾ ലാഭം 24 ലക്ഷം രൂപവരെ ഉയരാമെന്നും സംഘടന ആരോപിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ നാസർ, പ്രസിഡന്റ് കെ. സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ് സി വി എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.






