Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൊതിച്ചോറിന്റെ പേരിൽ പോര് മുറുകുന്നു; കൊടിയും ബാനറും വേണ്ട, കമ്മ്യൂണിറ്റി കിച്ചണുമായി മുരളീധരൻ, ലക്ഷ്യം DYFI? ജി സുധാകരൻ തുടങ്ങിയിട്ടത് കത്തിപ്പടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജി സുധാകരന് പിന്നാലെ ആരോ​ഗ്യമന്ത്രി കെ മുരളീധരനും സർക്കാർ ആശുപത്രികളിലെ പൊതിച്ചോറ് വിതരണത്തിനെതിരെ രം​ഗത്ത്. സംസ്ഥാന സർക്കാർ കൂടി മെഡിക്കൽ കോളേജുകളിലെ രോ​ഗികളുടെ പാത്രത്തിൽ മണ്ണിടാൻ ശ്രമിക്കുമ്പോൾ ഉരുണ്ടുകൂടുന്നത് കേരള രാഷ്ട്രീയത്തിൽ പുതിയ പോരിനും ഈ​ഗോ ക്ലാഷിനും കൂടിയാണ്. സർക്കാർ ആശുപത്രികൾ രാഷ്ട്രീയ പാർട്ടികളുടെയോ മറ്റ് സംഘടനകളുടെയോ കൊടികൾ സ്ഥാപിക്കേണ്ട ഇടങ്ങളല്ലെന്ന് മന്ത്രി മുരളീധരൻ. പലയിടങ്ങളിലും വലിയ ബാനറുകൾ കെട്ടിയാണ് ഭക്ഷണ വിതരണം നടക്കുന്നത്. ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണ വിതരണം നടത്താൻ താല്പര്യമുള്ള ഏതൊരു വ്യക്തിക്കോ സംഘടനയ്ക്കോ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണം നേരിട്ട് എത്തിച്ചു നൽകാവുന്നതാണ്. എന്നാൽ വിതരണം ചെയ്യുന്ന സ്ഥലത്ത് സംഘടനകളുടെ പേരോ, ബാനറോ, കൊടിയോ പ്രദർശിപ്പിക്കാൻ അനുമതിയുണ്ടാകില്ല എന്ന് തന്നെ മന്ത്രി ഉറപ്പിച്ച് പറയുന്നു. രാഷ്ട്രീയമോ സംഘടനാപരമോ ആയ അടയാളങ്ങള്‍ ഒഴിവാക്കി, കമ്മ്യൂണിറ്റി കിച്ചന്‍ എന്ന ഏകീകൃത സംവിധാനത്തിലൂടെയായിരിക്കും ഇനി സൗജന്യമായി ഭക്ഷണം നല്‍കുക.

ഇതിന് പകരമായി ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തില്‍ സുതാര്യതയും അച്ചടക്കവും ഉറപ്പാക്കാന്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും മന്ത്രി നടത്തിയിട്ടുണ്ട്. ബാനറുകളും കൊടികളും കെട്ടി ആശുപത്രി പരിസരങ്ങളെ മത്സരവേദികളാക്കി മാറ്റിക്കൊണ്ട് ഇനി ഭക്ഷണം വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു മന്ത്രിയുടെ വാക്കുകളുടെ സാരാംശം. ഈ പുതിയ പദ്ധതിയുടെ ആദ്യഘട്ടം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചുതന്നെയായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം.

പിന്നാലെ ഭക്ഷണ വിതരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഡിവൈഎഫ്ഐ ശക്തമായി തന്നെ ഇതിനെതിരെ രം​ഗത്ത് എത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവം’ ഉൾപ്പെടെ വിവിധ സംഘടനകൾ വർഷങ്ങളായി നടത്തിവരുന്ന സൗജന്യ ഭക്ഷണവിതരണ പദ്ധതി നിർത്തലാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ‘ഹൃദയപൂർവ്വം’ പദ്ധതിക്കെതിരെ കാലങ്ങളായി നടന്നുവരുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണെന്നത്‌ വ്യക്തമാണ്. സമൂഹത്തിൽ രാഷ്ട്രീയ ഭേദമന്യേ ഡിവൈഎഫ്ഐക്ക് ലഭിക്കുന്ന സ്വീകാര്യതയും, ഈ പദ്ധതിക്ക് ദേശീയ-അന്തർദേശീയ തലങ്ങളിൽ ലഭിച്ച അംഗീകാരവും ചിലരെ അസ്വസ്ഥരാക്കുന്നുണ്ട് എന്നുമാണ് സനോജ് പറയുന്നത്. തങ്ങൾക്ക്‌ ഒരു കാലത്തും ചെയ്യാനാകില്ല എന്ന് ഉറപ്പുള്ളത്‌ മറ്റുവർ ചെയ്യുന്നത്‌ കാണുമ്പോഴുള്ള ഫ്രസ്ട്രേഷൻ ആണ് കോൺ​ഗ്രസിനെന്നാണ് ഡിവൈഎഫ്ഐയുടെ മറുപടി.

വിഷയത്തിൽ ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇതിൽ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ലെന്നാണ് പ്രതികരിച്ചത്. പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്ന പരിഹാസവും. ഭക്ഷണം കൊടുക്കുന്നവരുടെ ഐഡൻറ്റിറ്റി അറിയുന്നത് നല്ലതാണെന്നും കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ എന്നുമാണ് സുരേന്ദ്രന്റെ അഭിപ്രായം.

ജി സുധാകരൻ കൊളുത്തിവിട്ട തീപ്പൊരിയാണ് ഇപ്പോൾ കെ മുരളീധരൻ ഏറ്റുപിടിച്ചിരിക്കുന്നത്. അന്ന് സുധാകരനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. മുന്‍കാലങ്ങളില്‍ ഇടതുപക്ഷ യുവജന സംഘടനകള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച പൊതിച്ചോറുകളാണ് വിതരണം ചെയ്തിരുന്നതെങ്കില്‍, ഇപ്പോള്‍ പണം പിരിച്ച് ഷെഡ് കെട്ടി പാചകം ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ഈ പ്രസ്താവന വലിയ ചര്‍ച്ചയായതോടെ അദ്ദേഹം പിന്നീട് നിലപാട് ഒന്നു മയപ്പെടുത്തിയെങ്കിലും, ആശുപത്രി കോമ്പൗണ്ടിലെ രാഷ്ട്രീയ സ്വഭാവമുള്ള ഭക്ഷണ വിതരണത്തിനെതിരെ കടുത്ത ആക്ഷേപം നിലനിന്നിരുന്നു.

ആദ്യ ഘട്ടത്തിൽ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി നടപ്പിലാക്കുക. തുടർന്ന് സംസ്ഥാനത്തെ മറ്റ് പ്രധാന സർക്കാർ ആശുപത്രികളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും. നിലവിൽ രാഷ്ട്രീയ അനുബന്ധ സംഘടനകളുൾപ്പെടെ നിരവധി സന്നദ്ധ ഗ്രൂപ്പുകൾ ആശുപത്രികളിൽ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ഭക്ഷണം കൊടുക്കുന്നതിന് നമ്മുടെ ഐഡന്റിറ്റി കാണിക്കേണ്ടത് അത്യാവശ്യമല്ലെന്ന നിലപാടാണ് ആരോ​ഗ്യമന്ത്രിയുടേത്. ഭക്ഷണം കൊടുക്കേണ്ടെന്ന് മന്ത്രി പറഞ്ഞിട്ടില്ല, അതിന് ബാനറും കൊടിയും വേണ്ടെന്ന് മാത്രമാണ് നിലവിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്. പക്ഷേ പെട്ടെന്ന് പുതിയൊരു സംവിധാനത്തിലേക്ക് മാറുന്നതിലെ പ്രായോ​ഗികതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ഇനി നമ്മുടെ മെഡിക്കൽ കോളേജുകളിലെ യാഥാർത്ഥ്യത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, ആശുപത്രി വരാന്തകളിൽ ഉറ്റവരുടെ ജീവന് വേണ്ടി പ്രാർത്ഥിച്ച് നിൽക്കുന്ന പാവപ്പെട്ട മനുഷ്യരുണ്ട്. കയ്യിലുള്ള അവസാനത്തെ ചില്ലിക്കാശും മരുന്നിനായി ചെലവാക്കി, വിശന്നൊട്ടിയ വയറുമായി പകച്ചുനിൽക്കുന്നവർ. അവർക്ക് വലിയ അനു​ഗ്രഹം തന്നെയാണ് ഇത്തരം സംഘനടകൾ നടത്തുന്ന ഭക്ഷണ വിതരണം. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, ആലപ്പുഴ തുടങ്ങിയ പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ, സംസ്ഥാനത്തെ ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും ഉൾപ്പെടെ 61 ഓളം കേന്ദ്രങ്ങളിലാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം. പ്രതിദിനം 40,000 ത്തിലധികം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ മാത്രമായി നൽകുന്നുണ്ട്. സേവാഭാരതിയുടേയും ലീ​ഗിന്റേയും മറ്റ് സംഘടനകളുടേയും കൂടി കൂട്ടിയാൽ വലിയൊരു സംഖ്യയാകും അത്. ആർക്കാണ് ഇത് കൊടുക്കുന്നതെന്ന് പോലും അറിയാത്ത ലക്ഷക്കണക്കിന് അമ്മമാരുടെ അടുക്കളകളിൽ നിന്ന് വരുന്ന കരുതലാണ് ഓരോ പൊതികളും. ആ സംവിധാനം ഒറ്റയടിക്ക് നിന്നാൽ ഒരു നേരത്തെ ഭക്ഷണത്തിനായി കാത്തിരിക്കുന്ന പാവപ്പെട്ട രോഗികളാണ് കഷ്ടപ്പെടുക.

പൊതിച്ചോറ് വിതരണം ചെയ്യുന്ന യുവജനങ്ങൾ, അത് ഏത് പ്രസ്ഥാനത്തിൽപ്പെട്ടവരായാലും, DYFI ആയാലും യൂത്ത് കോൺഗ്രസ് ആയാലും ലീ​ഗുകാരായും സേവാഭാരതിയായാലും വീടുവീടാന്തിരം കയറിയിറങ്ങി വാങ്ങുന്നതാണ്. എന്നിട്ട് വണ്ടിപിടിച്ച് എത്തിക്കുന്നതാണ്. അവര് വിയർപ്പൊഴുക്കുന്നുണ്ട്.. കഷ്ടപ്പെടുന്നുണ്ട്.. യുവജനങ്ങളുടെ ആ സേവനമനോഭാവത്തെ കാണാതെ പോകരുത്. അത് വരി നിന്ന് വാങ്ങി കഴിക്കുന്നത് മറ്റ് ആഹാരം വാങ്ങി കഴിക്കാൻ നിവൃത്തിയില്ലാത്ത വിഭാഗത്തിൽ പെട്ടവരാണ് ഏരിയ കൂറും. ഇവർ പൊതുവെ കൊണ്ടുവരുന്ന വണ്ടിയിലെ കൊടിയുടെ നിറം നോക്കിയല്ല ഭക്ഷണം വാങ്ങുക.

ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് ഭക്ഷണം നൽകുമെന്ന പ്രഖ്യാപനം സ്വാ​ഗതാർഹം തന്നെയാണ്. അത്തരം സംവിധാനം ശക്തിപ്പെടുത്തുന്നതിനെ എതിർക്കേണ്ടതുമില്ല, ഭാവിയിൽ വലിയൊരു പദ്ധതിയായി അത് മാറിയേക്കാം. വരുംകാലങ്ങളിൽ നമ്മുടെ പൊതുജനാരോ​ഗ്യ ​രം​ഗത്തെ വിപ്ലവകരമായൊരു നീക്കമായി അത് മാറുമെന്നും ഉറപ്പാണ്. എന്നാൽ, ആ സംവിധാനം യാഥാർഥ്യമാകുന്നതിന് മുമ്പേ നിലവിലുള്ള ജനകീയ സംവിധാനത്തെ അവസാനിപ്പിക്കാൻ തിടുക്കം കാണിക്കുന്നതിനോട് മാത്രമാണ് എതിർപ്പ്.

Advertisement
WhiteswanTV Footer