ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ജില്ലയിൽ ജൂലൈ 29, 31, ഓഗസ്റ്റ് 1 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
മുൻപ് ഈ മേഖലയിലെ റോഡിൽ വിള്ളൽ കണ്ടെത്തിയതും കഴിഞ്ഞ ദിവസം ഹെഡ് വർക്സ് ഡാമിന് സമീപം മണ്ണിടിച്ചിലുണ്ടായതുമാണ് നിയന്ത്രണത്തിന് കാരണമായത്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് നിലവിൽ ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
പ്രദേശത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനായി പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ദേശീയപാത നിർമാണം നടക്കുന്ന മേഖലകളിൽ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത തുടരുന്നതിനാൽ ഈ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണം പിൻവലിച്ച് സാധാരണ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.











