ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ നാല് അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തതായി സൂചന. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. വി. ഭട്ടിന്റെ അധ്യക്ഷതയിലുള്ള കൊളീജിയമാണ് ശുപാർശ തയ്യാറാക്കിയത്. മുൻ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ടി.ബി. ഹൂദ്, അഭിഭാഷകരായ ജേക്കബ് പി. അലക്‌സ്, എസ്. സുജിൻ, സി. ദിനേശ് എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.
ടി.ബി. ഹൂദ് ലോട്ടറി, വനം, പരിസ്ഥിതി തുടങ്ങിയ പ്രധാന കേസുകളിൽ സംസ്ഥാന സർക്കാരിനായി ഹാജരായ അഭിഭാഷകനാണ്. സി. ദിനേശ് മുൻപ് ഡെപ്യൂട്ടി സോളിസിറ്റർ ജനറലായും കേന്ദ്ര സർക്കാരിന്റെ അഭിഭാഷക പാനലിലും പ്രവർത്തിച്ചിട്ടുണ്ട്. ജേക്കബ് പി. അലക്‌സ് പല സുപ്രധാന കേസുകളിലും അമിക്കസ് ക്യൂറിയായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ഹൈക്കോടതി കൊളീജിയത്തിൽ ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ എ.കെ. ജയശങ്കർ നമ്പ്യാർ, അനിൽ കെ. നരേന്ദ്രൻ എന്നിവരും ഉൾപ്പെടുന്നു.
അതേസമയം, കഴിഞ്ഞ മാസം ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള മറ്റൊരു ശുപാർശ കൊളീജിയം നൽകിയിരുന്നു. ഇത് ഇപ്പോൾ സുപ്രീം കോടതി കൊളീജിയത്തിന്റെ പരിഗണനയിലാണ്. ഈ ആഴ്ച പരിഗണിച്ചില്ലെങ്കിൽ, അടുത്ത കൊളീജിയം യോഗത്തിൽ മാത്രമേ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന.






