സൗദി അറേബ്യ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഉണ്ടായ തടസ്സം കാരണം നിലച്ച എണ്ണക്കയറ്റുമതി പുനഃസ്ഥാപിക്കാൻ സൗദി അരാംകോ ചെങ്കടൽ തീരത്തെ യാമ്പു ടെർമിനലുകൾ വഴി വൻതോതിൽ എണ്ണ കയറ്റുമതി ആരംഭിച്ചു. ദിവസേന 50 ലക്ഷം ബാരലിൽ കൂടുതൽ എണ്ണ കയറ്റി അയയ്ക്കാനാണ് കമ്പനിയുടെ നീക്കം. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന ഓരോ ആഴ്ചയും ലോകവിപണിയിൽ ഏകദേശം 10 കോടി ബാരൽ എണ്ണയുടെ കുറവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുള്ള ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ’ വഴിയാണ് ഇപ്പോൾ എണ്ണ പടിഞ്ഞാറൻ തീരത്തെ യാമ്പുവിലെത്തിച്ച് അവിടെ നിന്ന് കയറ്റുമതി ചെയ്യുന്നത്. നിലവിൽ ഈ ബദൽ മാർഗം ഉപയോഗിച്ച് 50 ലക്ഷം ബാരൽ വരെ എണ്ണ കയറ്റുമതി ചെയ്യാനാകും.
ലോകവിപണിയിലെ എണ്ണ ക്ഷാമം പരിഹരിക്കാൻ കയറ്റുമതിയുടെ അളവ് ഇനിയും വർധിപ്പിക്കാനാണ് ലക്ഷ്യമെന്ന് അരാംകോ സിഇഒ അമീൻ നാസർ അറിയിച്ചു. ഫെബ്രുവരി അവസാനം ആരംഭിച്ച സംഘർഷത്തിന് ശേഷം ഇതുവരെ ഏകദേശം 100 കോടി ബാരൽ എണ്ണയുടെ കുറവാണ് ലോകവിപണിയിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.






