തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി പിരിച്ചുവിടേണ്ടി വരുമെന്ന് മുതിർന്ന നേതാവ് കെ.വി. തോമസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് ഭരണം എൽഡിഎഫിനായിരിക്കുമെന്നും, അടുത്ത തവണയും അധികാരത്തിലെത്താനായില്ലെങ്കിൽ യുഡിഎഫും പിരിച്ചുവിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പിരിച്ചുവിടുന്നതിൽ തർക്കമില്ലെന്നും പാർട്ടിയുടെ നിലവിലെ സ്ഥിതി വളരെ മോശമാണെന്നും അദ്ദേഹം വിമർശിച്ചു.
വോട്ടെടുപ്പ് പോലും പൂർത്തിയാകാത്ത സമയത്ത് മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. “വോട്ട് പെട്ടിയിൽ കിടക്കുമ്പോഴാണ് മുഖ്യമന്ത്രിയാരെന്ന് ചർച്ച. ജനങ്ങൾ ഇവരുടെ സ്വഭാവം മനസ്സിലാക്കിയിട്ടുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ സാധാരണ കാര്യങ്ങളാണെന്നും, പക്ഷേ വെല്ലുവിളികൾ നേരിടാതെ ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഓടിയൊളിക്കുമെന്ന് പറഞ്ഞവർ എങ്ങനെ 100 സീറ്റുമായി അധികാരത്തിൽ വരും?” എന്നും കെ.വി. തോമസ് ചോദിച്ചു.




