വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ബാപ്പട്ട്ല സ്വദേശിനിയായ രാജ്യലക്ഷ്മി യാർലഗഡ്ഡയാണ് മരിച്ചത്. ടെക്സസ് എ&എം യൂണിവേഴ്‌സിറ്റി–കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം.എസ് ബിരുദം നേടിയ രാജി, പഠനം പൂർത്തിയാക്കിയ ശേഷം ജോലി അന്വേഷിക്കുന്നതിനിടെയാണ് മരണപ്പെട്ടത്.
നവംബർ ഏഴിന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത ചുമയും നെഞ്ചുവേദനയും മൂലം കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി രാജിക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. രാജിയുടെ റൂംമേറ്റ്സാണ് മൃതദേഹം കണ്ടെത്തിയത്.
മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തനിക്ക് ജലദോഷവും ക്ഷീണവും ഉണ്ടെന്ന് രാജി വീട്ടുകാരോട് പറഞ്ഞിരുന്നു. മരണകാരണം വ്യക്തമാക്കാനുള്ള മെഡിക്കൽ പരിശോധനകൾ പുരോഗമിക്കുകയാണ്.




