നാഗ്പുർ: ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കാൻ ആറുവർഷം വൈകിയെങ്കിലും ഭാര്യയ്ക്ക് അഞ്ചുലക്ഷം രൂപ ഇൻഷുറൻസ് തുക നൽകണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് നാഗ്പുർ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. അപ്രതീക്ഷിത വിയോഗത്തിന്റെ മാനസികാഘാതത്തിൽനിന്ന് മുക്തരാകാൻ സമയം എടുക്കുന്നത് സ്വാഭാവികമാണെന്നും 90 ദിവസത്തെ ക്ലെയിം സമയപരിധി ചൂണ്ടിക്കാട്ടി ബാങ്കിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.
ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായി അറിയിക്കാത്ത സ്ഥാപനങ്ങൾക്ക് ക്ലെയിം കാലാവധി ഒരു പ്രതിരോധമായി ഉപയോഗിക്കാനാകില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. 2019 സെപ്റ്റംബർ 5 മുതൽ ആറുശതമാനം വാർഷിക പലിശയോടെ അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസ് തുകയും മാനസിക പീഡനത്തിനും നിയമച്ചെലവിനുമായി 10,000 രൂപയും നൽകാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.
നാഗ്പുർ ട്രൈ ജങ്ഷൻ കന്റോൺമെന്റ് ശാഖയിൽ അക്കൗണ്ടുണ്ടായിരുന്ന ഭർത്താവ് 2013 സെപ്റ്റംബറിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഡെബിറ്റ് കാർഡ് ഉടമകൾക്ക് അഞ്ചുലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണെന്ന വിവരം ബാങ്ക് അറിയിച്ചിരുന്നില്ലെന്ന് ഭാര്യ പരാതിയിൽ ചൂണ്ടിക്കാട്ടി. 2019 മാർച്ച് 26-ന് ക്ലെയിമിനായി ബാങ്കിനെ സമീപിച്ചെങ്കിലും ആവശ്യമായ നടപടി ഉണ്ടായില്ല. തുടർന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.
മാസ്റ്റർകാർഡ് ക്ലാസിക് ഡെബിറ്റ് കാർഡിന് ഇൻഷുറൻസ് പരിരക്ഷ ബാധകമല്ലെന്നും 90 ദിവസത്തിനകം ക്ലെയിം നൽകിയിട്ടില്ലെന്നുമായിരുന്നു ബാങ്കിന്റെ വാദം. എന്നാൽ മറ്റ് ഡെബിറ്റ് കാർഡുകൾക്ക് ഇൻഷുറൻസ് ആനുകൂല്യം നൽകുമ്പോൾ മാസ്റ്റർകാർഡ് ക്ലാസിക്കിനെ ഒഴിവാക്കിയതിന് വ്യക്തമായ രേഖകളോ വ്യവസ്ഥകളോ ബാങ്ക് ഹാജരാക്കാനായില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. സമാന സാഹചര്യത്തിൽ ഉപഭോക്താക്കളോട് വ്യത്യസ്ത സമീപനം സ്വീകരിച്ചത് സേവനത്തിലെ ന്യൂനതയും അനീതിയുമാണെന്നും ഉത്തരവിൽ പറഞ്ഞു.
ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ചുള്ള വിവരം ഉപഭോക്താവിനെയോ അവകാശികളെയോ അറിയിച്ചതിന് തെളിവില്ലെന്നും, വിവരം ലഭ്യമായിരുന്നെങ്കിൽ ആവശ്യമായ നടപടികൾ അവർ സ്വീകരിക്കുമായിരുന്നുവെന്നും കമ്മിഷൻ വിലയിരുത്തി.






