ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലാ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ സേനയായ ഐഡിഎഫ്. തെക്കൻ ലബനനിലെ അൻസാർ മേഖലയിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് അലാ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം. ഹിസ്ബുള്ളയുടെ മേഖലയിലെ പ്രധാന കമാൻഡറായ അലാ, ഐഡിഎഫ് സേനയ്ക്കെതിരായ നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്നുവെന്ന് ഇസ്രയേൽ അനുകൂല മാധ്യമമായ ദി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ ഹിസ്ബുള്ള ഫോഴ്‌സിലെ ബറ്റാലിയൻ കമാൻഡർ അലി സമീർ അൽ-ഹാജ് ഹസനും കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു. അതിർത്തിയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഇസ്രയേൽ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
കൊല്ലപ്പെട്ട അലി സമീർ അൽ-ഹാജ് ഹസന്റെ കുടുംബാംഗങ്ങൾ സമീപത്തുണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്ന് ഇസ്രയേൽ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി. സാധാരണക്കാരെ മനുഷ്യകവചമാക്കി ഹിസ്ബുള്ള സൈനിക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നുവെന്നും ഇത്തരം സാഹചര്യങ്ങൾ ഇസ്രയേലിനെതിരായ ആരോപണങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചു.
അതിനിടെ, മറ്റ് അതിർത്തി മേഖലകളിലും ഇസ്രയേൽ സുരക്ഷ ശക്തമാക്കി. ഗാസ തീരത്ത് ഹമാസ് ചെറുബോട്ടുകൾ ഉപയോഗിച്ച് കടൽമാർഗം ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇസ്രയേൽ നാവികസേന ‘അയൺ വാൾ’ എന്ന പേരിൽ പുതിയ തീരദേശ പ്രതിരോധ സംവിധാനം ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
ഇസ്രയേൽ-ലബനൻ അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. ശനിയാഴ്ച തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 11 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.




