സിനിമാ കളക്ഷൻ കണക്കുകൾ തന്നെ ഒരു സിനിമയുടെ വിജയത്തിന്റെ മാനദണ്ഡമായി മാറിയിരിക്കുന്ന കാലമാണിത്. ഒരു ചിത്രം എത്ര കോടി നേടി എന്നതിനെ അടിസ്ഥാനമാക്കി തന്നെയാണ് ഇന്ന് പലരും വിജയവും പരാജയവും വിലയിരുത്തുന്നത്. എന്നാൽ ഈ കണക്കുകളിൽ പലതും യാഥാർഥ്യത്തേക്കാൾ വലുതാക്കി കാണിക്കുന്നവയാണോ എന്ന ചർച്ചയാണ് ഇപ്പോൾ തമിഴ് സിനിമാ ലോകത്ത് സജീവമാകുന്നത്. ഒരുകാലത്ത് ഹിന്ദി സിനിമയിൽ വ്യാപകമായിരുന്ന ഈ പ്രവണത ഇപ്പോൾ തമിഴ് സിനിമയിലേക്കും കടന്നുകയറിയെന്നാണ് ആരോപണം.
ചിത്രങ്ങളെ നൂറുകോടി ക്ലബ്ബിൽ എത്തിക്കാനായി താരങ്ങളും നിർമാതാക്കളും കൂട്ടമായി ടിക്കറ്റുകൾ വാങ്ങുന്ന പ്രവണത വർധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, നിശ്ചിത എണ്ണം ടിക്കറ്റുകൾ വിറ്റഴിക്കാമെന്ന ഉറപ്പില്ലെങ്കിൽ ഷോകൾ അനുവദിക്കില്ലെന്ന സമ്മർദം ചെറുകിട നിർമാതാക്കൾക്ക് മേൽ തിയേറ്റർ ഉടമകൾ ചെലുത്തുന്നുവെന്നും വിമർശനം ഉയരുന്നു. പുറത്തുവിടുന്ന കളക്ഷൻ കണക്കുകളേക്കാൾ യഥാർത്ഥ വരുമാനം വളരെ കുറവായിരിക്കാമെന്ന് നിർമാതാവ് ധനഞ്ജയൻ പറയുന്നു. സിനിമാ സ്ട്രാറ്റജിസ്റ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇപ്പോൾ ഓൺലൈനായി എത്ര ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഒരാൾക്ക് നേരിട്ട് ചെയ്യേണ്ടതില്ല; ഒറ്റത്തവണയിൽ തന്നെ നൂറുകണക്കിന് ടിക്കറ്റുകൾ വാങ്ങാൻ കഴിയും. മുമ്പ് ഹിന്ദി സിനിമയിൽ കണ്ടിരുന്ന കോർപ്പറേറ്റ് ബുക്കിങ്, ബൾക്ക് ബുക്കിങ്, വ്യാജ ബുക്കിങ് എന്നിവ ഇപ്പോൾ തമിഴ് സിനിമയിലും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. റിലീസ് ദിനത്തിൽ തന്നെ നിർമാതാക്കൾ വലിയ തോതിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നു. ആയിരക്കണക്കിന് ടിക്കറ്റുകൾ വാങ്ങിയാൽ ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ ചിത്രം ട്രെൻഡിങ്ങിലാക്കാനും സാധിക്കും,” ധനഞ്ജയൻ പറഞ്ഞു.
“വലിയ താരങ്ങൾ ആദ്യ ദിവസം മാത്രം കോടിക്കണക്കിന് രൂപ ചെലവഴിച്ച് ടിക്കറ്റുകൾ വാങ്ങാറുണ്ട്. അതിൽ ഒരു പങ്ക് പിന്നീട് തിരികെ ലഭിക്കുകയും ചെയ്യും. അവർക്കത് പ്രമോഷന്റെ ഭാഗം മാത്രമാണ്. ആദ്യ മൂന്ന് ദിവസങ്ങളിൽ വൻതോതിൽ ടിക്കറ്റ് വാങ്ങി കളക്ഷൻ ഉയർത്തിക്കാണിക്കും. യഥാർത്ഥത്തിൽ 70 കോടി നേടിയ സിനിമയെ 100 കോടി ക്ലബ്ബിലെത്തിച്ചെന്ന തരത്തിൽ അവതരിപ്പിക്കാനാകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രവണതയുടെ ആഘാതം ഏറ്റവും കൂടുതൽ നേരിടുന്നത് ചെറുസിനിമകളാണെന്നും ധനഞ്ജയൻ ചൂണ്ടിക്കാട്ടി. “ചെറുകിട നിർമാതാക്കൾക്ക് മുന്നിൽ തിയേറ്ററുകൾ പല നിബന്ധനകളും വയ്ക്കുന്നു. ഷോ അനുവദിക്കണമെങ്കിൽ ആദ്യ ദിവസങ്ങളിലെ ടിക്കറ്റുകൾ നിർമാതാക്കളുതന്നെ വാങ്ങണമെന്നാണ് ആവശ്യപ്പെടുന്നത്. ചില മൾട്ടിപ്ലക്സുകൾ പോലും നൂറുകണക്കിന് ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങണമെന്ന് നിർബന്ധിക്കുന്നു. പ്രേക്ഷകർ സിനിമ കാണുന്നുണ്ടോ എന്നതല്ല അവർക്കുള്ള പ്രധാന്യം; ടിക്കറ്റുകൾ വിറ്റുപോകുന്നുണ്ടോ എന്നതാണ്,” അദ്ദേഹം പറഞ്ഞു.






