കൊല്ലം: കൊല്ലം ആശ്രാമത്ത് കലാശക്കൊട്ട് കഴിഞ്ഞ് പോകവെ പെണ്‍കുട്ടികളെ ഇടിച്ചു തെറിപ്പിച്ചത് തന്റെ മകന്റെ പേരിലുള്ള വാഹനമാണെന്ന് സ്ഥിരീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. എന്നാല്‍ അപകടം നടന്ന സമയം മകനല്ല വാഹനം ഓടിച്ചതെന്നും അവര്‍ പറഞ്ഞു.
‘മകന്റെ കൂട്ടുകാരനാണ് വാഹനം ഓടിച്ചിരുന്നത്. തിരുവനന്തപുരത്തുള്ള സിപിഐഎം നേതാവിന്റെ മകനാണ്. ഇത് രാഷ്ട്രീയ വിഷയം ആക്കേണ്ട കാര്യമല്ല. എന്റെ മകന് അപകടമുണ്ടായാല്‍ എങ്ങനെയാണോ, അതുപോലെയാണ് എനിക്കീ അപകടം. കുഞ്ഞുങ്ങള്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്നാണ് പ്രാര്‍ത്ഥന’, ബിന്ദു കൃഷ്ണ പറഞ്ഞു.
ബിന്ദു കൃഷ്ണയുടെ മകന്‍ കെ കെ ശ്രീകൃഷ്ണയുടെ പേരിലുള്ള കെഎല്‍16ആര്‍2935 നമ്പര്‍ ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. വള്ളിക്കീഴ് ഗവ. സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ രാമന്‍കുളങ്ങര സ്വദേശി ധനലക്ഷ്മി (14), വള്ളിക്കീഴ് സ്വദേശി ചിഞ്ചുലക്ഷ്മി (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ധനലക്ഷ്മിയുടെ കാലിനും കൈയ്ക്കും പൊട്ടലുണ്ട്. ആന്തരിക രക്തശ്രാവത്തെത്തുടര്‍ന്ന് ചിഞ്ചുലക്ഷ്മിയെ മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.




