തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് കണ്ടെത്തിയ കാശ്മീരി യുവാവിനെ ചുറ്റിപ്പറ്റി പ്രചരിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍ വ്യക്തമാക്കി. മാനസിക വൈകല്യമുള്ള യുവാവിനെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കു പ്രവേശിപ്പിച്ചതിന് ശേഷം കാശ്മീര്‍ പോലീസും ബന്ധുക്കളും ചേര്‍ന്ന് നാട്ടിലേക്ക് കൊണ്ടുപോയി.
മുഷ്താഖ് അഹമ്മദ് പണ്ഡിറ്റ് എന്ന 45കാരനെയാണ് കഴിഞ്ഞ 21ന് ക്ഷേത്രപരിസരത്ത് സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഭക്തരുടെ സംശയത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ കരുതല്‍ തടങ്കലിലാക്കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളയാളാണെന്നും കാണാതായതായി കുടുംബം കാശ്മീരില്‍ പരാതി നല്‍കിയിരുന്നുവെന്നും സ്ഥിരീകരിച്ചു. കോടതി നിര്‍ദ്ദേശപ്രകാരം ഇയാളെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കാശ്മീരിലെ നൗകാം പോലീസ് സ്റ്റേഷനിലെ എസ്.ഐ. രവീന്ദര്‍ സിംഗ്, ബന്ധു ഷബീര്‍ അഹമ്മദ് പണ്ഡിറ്റ് എന്നിവര്‍ ഗുരുവായൂരിലെത്തി യുവാവിനെ തിരിച്ചറിഞ്ഞു. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ടി. നാരായണന്‍, സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ഗുരുവായൂര്‍ ടെമ്പിള്‍ എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂര്‍ എന്നിവര്‍ ഇവരുമായി കൂടിക്കാഴ്ച നടത്തി.
ക്ഷേത്രദര്‍ശനത്തിനിടെ സംഭവവിവരങ്ങള്‍ പരിശോധിച്ച സംസ്ഥാന പോലീസ് മേധാവി, യുവാവിന് തീവ്രവാദ ബന്ധമൊന്നുമില്ലെന്ന് വ്യക്തമായി സ്ഥിരീകരിച്ചതായും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും, വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് വസ്തുതകള്‍ ഉറപ്പുവരുത്തണമെന്ന് മാധ്യമങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
കുപ്‌വാര സ്വദേശിയായ മുഷ്താഖ് മുന്‍പ് വൈദ്യുതി വകുപ്പ് ജീവനക്കാരനായിരുന്നു. 2011ല്‍ കുടുംബകലഹവുമായി ബന്ധപ്പെട്ട കേസില്‍ ഭാര്യയെ കൊന്നതിന് 12 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച ഇയാള്‍, പിന്നീട് മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ച് വിവിധ തീര്‍ഥാടന കേന്ദ്രങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ ഷഹബ ഷരീഫ് ദര്‍ഗയില്‍ നിന്നാണ് ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ച് ഇയാള്‍ അറിഞ്ഞത്.
മാര്‍ച്ച് 19 വരെ ബന്ധുക്കളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാളെ പിന്നീട് കാണാതായതോടെ കാശ്മീരില്‍ പരാതി നല്‍കിയിരുന്നു. ഗുരുവായൂരില്‍ തീവ്രവാദി എത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അനാവശ്യ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍, സമഗ്രമായ അന്വേഷണത്തിന് ശേഷം യാതൊരു ഭീഷണിയും ഇല്ലെന്ന് ഉറപ്പാക്കി യുവാവിനെ ബന്ധുക്കള്‍ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.




