കോട്ടയം: ക്ഷേത്രത്തില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന് വിമര്‍ശനം നേരിടുന്ന നന്ദഗോവിന്ദം ഭജന്‍സ് ടീമിനെ പിന്തുണച്ച് വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി. സംഭവത്തിന് പിന്നാലെ നന്ദഗോവിന്ദം ഭജന്‍സ് നേരിട്ട സൈബര്‍ ആക്രമണത്തിലാണ് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി രംഗത്തെത്തിയത്.
ക്ഷേത്ര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയാണെന്നും നന്ദഗോവിന്ദം ഭജന്‍സ് സൗജന്യമായാണ് പരിപാടി നടത്തിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കണ്‍വീനര്‍ പറയുന്നു. ഒരു മതത്തിന്റെയും വേര്‍തിരിവില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പരിപാടി നടത്തിയതെന്ന് ക്ഷേത്ര കമ്മിറ്റി പറയുന്നു.
അങ്ങനെ ഒരു ഗാനം പാടുന്നതില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാര്‍ദ്ദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാര്‍ദത്തെ എല്ലാവരുംകൂടി തകര്‍ക്കരുത് എന്നും കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.
നന്ദഗോവിന്ദത്തിന്റെ നവീന്‍ പഠിച്ചത് അവിടത്തെ പള്ളി സ്‌കൂളിലാണ്. പഠിപ്പിച്ചത് എല്ലാ വിഭാഗത്തിലുമുള്ള ടീച്ചര്‍മാരുമാണ്. അതിനാല്‍ത്തന്നെ പ്രോഗ്രാം കേള്‍ക്കാന്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു. ഈ നാട്ടിലുള്ള എല്ലാവര്‍ക്കും പ്രോഗ്രാം കാണുന്നതിനും കേള്‍ക്കുന്നതിനും ജാതിമതഭേദമന്യേ പാസുകള്‍ വീട്ടിലെത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.




