വാഷിങ്ടൺ: ഐവറി കോസ്റ്റ് ദേശീയ ടീമംഗവും ഫ്രഞ്ച് ക്ലബ് നീസിന്റെ താരവുമായ എല്ല്യെ വാഹി വാതുവെപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നതായി റിപ്പോർട്ട്. ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് താരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തു.
ഫ്രഞ്ച് ലീഗ് 1-ൽ മെറ്റ്സിനെതിരായ മത്സരത്തിനിടെ വാഹിക്ക് ലഭിച്ച മഞ്ഞക്കാർഡ് മനഃപൂർവമായിരുന്നോ എന്നതാണ് അന്വേഷണത്തിന്റെ കേന്ദ്രവിഷയം. മെയ് 17-ന് നടന്ന മത്സരത്തിന് പിന്നാലെ അസാധാരണമായ വാതുവെപ്പ് രീതികളെക്കുറിച്ച് അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് മെയ് 29-ന് താരത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷം വാഹിയെ വിട്ടയച്ചുവെന്നും അന്വേഷണം തുടരുകയാണെന്നും വ്യക്തമാക്കുന്നു.
മാഴ്സെയിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് ആരംഭിച്ച അന്വേഷണത്തിൽ സംഘടിത തട്ടിപ്പ്, അഴിമതി, കുറ്റകൃത്യങ്ങളിൽ നിന്നുള്ള പണം കൈകാര്യം ചെയ്യൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് പരിശോധിക്കുന്നത്. 23-കാരനായ ഫുട്ബോൾ താരത്തെ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായി പ്രോസിക്യൂട്ടർ ഓഫീസ് വക്താവിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ലോകകപ്പിൽ എക്വഡോറിനെതിരായ ഐവറി കോസ്റ്റിന്റെ ആദ്യ മത്സരത്തിൽ വാഹി കളിച്ചിരുന്നു. ആ മത്സരത്തിൽ ഐവറി കോസ്റ്റ് 1-0ന് വിജയിക്കുകയും ചെയ്തു. ജർമനിക്കെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.
ഫ്രാൻസിന്റെ യൂത്ത് ടീമുകൾക്കായി കളിച്ചിരുന്ന വാഹി പിന്നീട് ഐവറി കോസ്റ്റിനെ പ്രതിനിധീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.






