തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. പോത്തൻകോട് വാവറമ്പലം സ്വദേശി ഷൈജു (39) ആണ് 42 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ഷമീർഖാന്റെ നേതൃത്വത്തിൽ പത്താംകല്ലിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴക്കൂട്ടത്തുനിന്ന് മയക്കുമരുന്ന് വാങ്ങി പാറശാലയിൽ എത്തിച്ച് കൈമാറാനായിരുന്നു പദ്ധതി.
പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ നമ്പറും ഷർട്ടിന്റെ നിറവും അടയാളമായി മുൻകൂട്ടി തീരുമാനിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഷുക്കൂർ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് താൻ മയക്കുമരുന്ന് കടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെയും മയക്കുമരുന്ന് ശൃംഖലയെയും കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.






