സോഷ്യൽ മീഡിയയിൽ വൈറലായ ‘പഞ്ച്’ എന്ന കുട്ടി കുരങ്ങന്റെ കൂട്ടിലേക്ക് അതിക്രമിച്ചു കയറിയ രണ്ട് അമേരിക്കൻ യുവാക്കൾ ജപ്പാനിൽ അറസ്റ്റിലായി. ടോക്കിയോയിലെ ചിബ പ്രിഫെക്ചറിലെ ഇച്ചികാവ സിറ്റി മൃഗശാലയിലാണ് സംഭവം നടന്നത്.
24 വയസുകാരനായ റെയ്ഡ് ജഹാനായി ഡേസൺ വേലി ചാടിക്കടന്ന് കുരങ്ങിന്റെ കൂട്ടിൽ പ്രവേശിച്ചതായും, സുഹൃത്തായ നീൽ ജബഹ്രി ഡുവാൻ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ഇരുവരെയും ജാപ്പനീസ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നീല നിറത്തിലുള്ള സ്യൂട്ടും ചിരിക്കുന്ന ഇമോജി മുഖംമൂടിയും ധരിച്ചാണ് യുവാവ് കൂട്ടിലേക്ക് കയറിയത്. ക്രിപ്റ്റോകറൻസി രംഗത്തെ ‘മീംകോയിൻ’ പ്രചാരണങ്ങളിലെ ഇമോജിയെ അനുസ്മരിപ്പിക്കുന്ന വേഷമായിരുന്നു ഇത്. കൂടാതെ കയ്യിൽ ഒരു പാവയും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ മൃഗശാലയിലെ സുരക്ഷാ ജീവനക്കാർ ഉടൻ ഇടപെട്ടതോടെ ഇവർക്ക് കുരങ്ങുകളിലേക്ക് എത്താൻ സാധിച്ചില്ല.
സംഭവത്തിൽ മൃഗശാല അധികൃതർ പോലീസിൽ പരാതി നൽകി. മൃഗശാലയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവാക്കൾ ആരോപണം നിഷേധിച്ചതായും റിപ്പോർട്ടുണ്ട്.
മൃഗശാല എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പ്രതികരിച്ച് സംഭവത്തിൽ ഖേദം രേഖപ്പെടുത്തി. മൃഗങ്ങൾക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
‘പഞ്ച്’ എന്ന മക്കാക്ക് കുരങ്ങൻ, അമ്മ ഉപേക്ഷിച്ചതിനെ തുടർന്ന് മൃഗശാല നൽകിയ പാവയെ കെട്ടിപ്പിടിച്ചുള്ള ചിത്രങ്ങളിലൂടെ കഴിഞ്ഞ ഫെബ്രുവരിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ലോകമെമ്പാടും സന്ദർശകരുടെ ശ്രദ്ധ ആകർഷിച്ച ഈ കുരങ്ങൻ ഇപ്പോൾ മൃഗശാലയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.






