ആലപ്പുഴ: ജയ്നമ്മ തിരോധാന കേസിൽ പ്രതിയായ സെബാസ്റ്റ്യൻറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒരാഴ്ച നീണ്ട കസ്റ്റഡി കാലാവധി അവസാനിക്കുമ്പോഴും ദുരൂഹത ഒഴിയുന്നില്ല. ഇക്കാലയളവിൽ പല തവണ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യൻ അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടില്ല. ഡിഎൻഎ പരിശോധനയ്ക്ക് അയച്ച ശരീര അവശിഷ്ടങ്ങളുടെ ഫലം കിട്ടുന്ന മുറയ്ക്ക് ഇയാളുടെ കസ്റ്റഡി നീട്ടാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ആലപ്പുഴയിലെ കേസ് അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘം സെബാസ്റ്റ്യനെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകിയേക്കും. സെബാസ്റ്റ്യനുമായി അടുപ്പമുള്ള എല്ലാവരുടെയും വിശദമായ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിൻറെ നീക്കം.
ഇന്നലെ സെബാസ്റ്റ്യൻറെ ഭാര്യയുടെ മൊഴി കോട്ടയം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. സെബാസ്റ്റ്യൻറെ സുഹൃത്തായ റോസമ്മയുടെ വീട്ടിലും അവരുടെ കോഴി ഫാമിലും അന്വേഷണ സംഘം തെരച്ചിൽ നടത്തിയിരുന്നു. സെബാസ്റ്റ്യൻറെ പള്ളിപ്പുറത്തെ വീട്ടിലും പരിശോധന നടത്തിയിരുന്നു.എന്നാൽ തിരോധാന കേസുകളിൽ കൃത്യമായ നിഗമനത്തിലെത്താൻ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തുടക്കം മുതൽ അന്വേഷണത്തോട് അന്വേഷണത്തോട് സഹകരിക്കാതെ തുടരുകയാണ് സെബാസ്റ്റ്യൻ. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന് യാതൊരു മൊഴിയും നൽകിയിട്ടില്ല. പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സെബാസ്റ്റ്യൻ്റെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ ഭാര്യയിൽ നിന്ന് ചോദിച്ചറിഞ്ഞിരുന്നു.




