കൊച്ചി : അനധികൃതമായി മദ്യം കൈവശംവച്ച കേസിൽ ഒളിവിലായിരുന്ന സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ. മലപ്പുറം തിരൂർ വെള്ളാഞ്ചേരി വീട്ടിൽ ഷെഫീക്ക് (30 –അൽക്കു) ആണ് അറസ്റ്റിലായത്. നഗരപരിസരങ്ങളിൽ രാത്രി 12നുശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതി. ജൂനിയർ ആർട്ടിസ്റ്റായ ഷെഫീക്ക്, ആക്ഷൻ ഹീറോ ബിജു സിനിമയിലൂടെ ശ്രദ്ധനേടിയിരുന്നു.
സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ജൂണിൽ സെൻട്രൽ എസ്ഐ രാംലാലിന്റെ നേതൃത്വത്തിൽ പട്രോളിങ്ങിനിടെ എറണാകുളം പി ടി ഉഷ റോഡിൽ കാറിന്റെ ഡിക്കിയിൽ നിന്നും അനധിക്യത മദ്യം പിടിച്ചിരുന്നു. കേസിലെ രണ്ടാം പ്രതി ഷുഹാബ് അന്നുതന്നെ പിടിയിലായി. ഒന്നാം പ്രതിയായ ഷെഫീക്ക് അവിടെനിന്നും രക്ഷപെട്ട് ഒളിവിൽ പോകുകയായിരുന്നു.
ഇയാൾക്ക് മദ്യവിൽപ്പനയിലൂടെ ലഭിച്ച പേരാണ് ‘അൽകു’. അനധികൃത മദ്യവിൽപ്പനക്കേസിൽ രണ്ടാം തവണയാണ് പിടിയിലാകുന്നത്. ഫെബ്രുവരി 19ന് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നഗത്തിൽ നടത്തിയ പരിശോധനയിൽ 52 ലിറ്റർ മദ്യവുമായി ഷെഫീഖ് പിടിയിലായിരുന്നു. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 58 കുപ്പി ബിയറും (37.7 ലിറ്റർ) മദ്യം കടത്താൻ ഉപയോഗിച്ചിരുന്ന കാറും അന്ന് പിടിച്ചെടുത്തു. ഈ കേസിൽ ജാമ്യത്തിലാണ്.




