ആലപ്പുഴ: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ. പെൺകുട്ടി ആരോഗ്യനില വീണ്ടെടുക്കുകയാണെങ്കിലും ഇപ്പോഴും കടുത്ത മാനസികാഘാതത്തിലാണെന്ന് മന്ത്രി പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പെൺകുട്ടിയെ ചൂഷണം ചെയ്തവരെ സർക്കാർ വെറുതെ വിടില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘തൂഫാൻ’ ശക്തമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മറവിൽ ഇപ്പോഴും ചിലർ ലഹരിയുടെ ഭാഗമാകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിവരികയായിരുന്നുവെന്ന് എ.സി.പി ബിജോയ് ചന്ദ്രൻ പ്രതികരിച്ചു. കേസിൽ പിടിയിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽ വീണതാണോയെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. നിരവധി പാവപ്പെട്ട പെൺകുട്ടികളെ പ്രതികൾ കെണിയിൽപ്പെടുത്തിയിട്ടുണ്ടെന്നും എ.സി.പി വ്യക്തമാക്കി.



