കോട്ടയം: കുമരകം കണ്ണാടിച്ചാൽ-നാരകത്തറ റോഡിന്റെ ശോചനീയാവസ്ഥ മൂലം വെളിയം കൊല്ലകേരി നിവാസികൾ ദുരിതക്കയത്തിൽ. റീടാറിങ്ങിനായി മാസങ്ങൾക്ക് മുൻപ് കുത്തിയിളക്കിയ റോഡ് അതേപടി ഉപേക്ഷിച്ച നിലയിലാണ്. ഏകദേശം 400-ഓളം കുടുംബങ്ങൾ നിത്യേന ആശ്രയിക്കുന്ന ഈ വഴിയിലൂടെയുള്ള യാത്ര ഇപ്പോൾ അപകടഭീഷണിയായി മാറിയിരിക്കുകയാണ്.
കാക്കരെയം ഭാഗത്തുനിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ബസ് ലഭിക്കുന്ന കണ്ണാടിച്ചാൽ ജംഗ്ഷനിൽ എത്താൻ സാധിക്കൂ. എന്നാൽ റോഡിൽ മെറ്റലുകൾ ചിതറിക്കിടക്കുന്നതിനാൽ കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. റോഡിന്റെ പകുതി ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കി മാറ്റിയതോടെ ഇരുചക്ര വാഹനങ്ങൾ മെറ്റലിൽ തെന്നി വീഴുന്നത് നിത്യസംഭവമായി മാറി.
കഴിഞ്ഞദിവസം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന അമ്മയും മകനും റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെടുകയും അമ്മയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. റോഡിന്റെ മോശം അവസ്ഥ കാരണം അത്യാവശ്യ ഘട്ടങ്ങളിൽ വിളിച്ചാൽ ഒരു ഓട്ടോറിക്ഷ പോലും ഈ ഭാഗത്തേക്ക് വരാൻ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പഞ്ചായത്ത് പദ്ധതി പ്രകാരം വായിത്ര മുതൽ കണിയാന്ത്ര വരെയുള്ള ഭാഗത്താണ് റീടാറിംഗ് നിശ്ചയിച്ചിരുന്നത്. എന്നാൽ കരാറുകാരൻ റോഡ് കുത്തിയിളക്കി ഇട്ട ശേഷം പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. പുതിയ പഞ്ചായത്ത് ഭരണസമിതിയെങ്കിലും തങ്ങളുടെ ദുരിതത്തിന് അറുതി വരുത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.




