കണ്ണൂർ: കാർട്ടൺ ഇന്ത്യ അലയൻസ് എംഡി മുഹമ്മദ് ആസിഫിന്റേതെന്ന് പറയുന്ന ശബ്ദസന്ദേശവും പണമിടപാടുകളുടെ സ്ക്രീൻഷോട്ടുകളും പുറത്തുവന്നു. പി.പി. ദിവ്യയുടെ സഹോദരൻ അനൂപിനും ഡ്രൈവർ വൈശാഖിനും പണം അയച്ചതായി വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകളാണ് പുറത്തുവന്നത്. എന്നാൽ ആസിഫിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ഇരുവരും പ്രതികരിച്ചു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ഷാജിറിനും പണം നൽകിയതായി സ്ക്രീൻഷോട്ടുകളിൽ സൂചനയുണ്ട്. കാസർകോട് ജില്ലാ പഞ്ചായത്തിലെ മുൻ ഭാരവാഹികൾക്ക് പണം നൽകിയതായും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെയും മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന്റെയും പേരുകളും ശബ്ദസന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. ഷാനവാസ് പാദൂർ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് ശല്യം ചെയ്യുന്നുവെന്നും അദ്ദേഹത്തിന് പണം നൽകാമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നതായാണ് റിപ്പോർട്ട്. ബേബി ബാലകൃഷ്ണന്റെ മകന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതായി കാണിക്കുന്ന യുപിഐ ഇടപാടിന്റെ സ്ക്രീൻഷോട്ടും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ശബ്ദസന്ദേശത്തിലുള്ളത് തന്റെ ശബ്ദമല്ലെന്ന് കാർട്ടൺ ഇന്ത്യ അലയൻസ് എംഡി മുഹമ്മദ് ആസിഫ് പ്രതികരിച്ചു. പണം വാങ്ങിയിട്ടില്ലെന്ന് ബേബി ബാലകൃഷ്ണനും ഷാനവാസ് പാദൂരും വ്യക്തമാക്കി. പി.പി. ദിവ്യയുടെ ബിനാമി കമ്പനിയാണെന്ന ആരോപണം നേരിടുന്ന സ്ഥാപനമാണ് കാർട്ടൺ ഇന്ത്യ അലയൻസ്. പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെയും പണമിടപാട് രേഖകളുടെയും ആധികാരികത സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.




