ന്യൂഡൽഹി: സസ്‌പെൻഷൻ കാലയളവിൽ ജീവനക്കാരൻ ദിവസവും ഓഫീസിലെത്തി ഒപ്പുവെച്ചശേഷം ജോലിയും ചെയ്യണമെന്ന കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാറിന്റെ നിർദേശം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ സ്റ്റേ ചെയ്തു. കേരള ഹൗസിലെ അസിസ്റ്റന്റ് ലൈസൺ ഓഫീസറും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഡൽഹി കൺവീനറുമായ ജയപ്രസാദ് നൽകിയ ഹർജിയിലാണ് നടപടി.
സസ്‌പെൻഷനിലായ ഒരാളെ ഓഫീസിലെത്തി ജോലിചെയ്യണമെന്ന് നിർദേശിക്കുന്നത് അസാധാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രിബ്യുണൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്നുവെന്ന് ആരോപിച്ച് ജയപ്രസാദിനെ റസിഡന്റ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തിരുന്നു. അതേസമയം, സസ്‌പെൻഷൻ കാലയളവിൽ ദിവസവും ഓഫീസിലെത്തി ഒപ്പിട്ട് ജോലിയും ചെയ്യണമെന്നായിരുന്നു നിർദേശം. ഈ ഉത്തരവാണ് ട്രിബ്യുണൽ സ്റ്റേ ചെയ്തത്.
ഓഫീസിലെത്തുന്നതിനുള്ള ചെലവ് സ്വന്തം പക്കറ്റിൽ നിന്ന് വഹിക്കണോ എന്ന ചോദ്യവും ട്രിബ്യുണൽ മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ട്.
സസ്‌പെൻഷനുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണം തുടരുകയാണെന്ന് സർക്കാർ ട്രിബ്യുണലിനെ അറിയിച്ചു. ജയപ്രസാദിന്റെ മൊഴി പൊതുഭരണ വകുപ്പ് സെക്രട്ടറി രേഖപ്പെടുത്തിയിട്ടുണ്ട്. മന്ത്രി ഫയൽ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് സർക്കാർ നിലപാട്.
കാഷ്വൽ അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും കാരണം വ്യക്തമാക്കാതെ അത് നിഷേധിച്ചതായും, ആരോഗ്യപ്രശ്‌നങ്ങളും കുടുംബ കാരണങ്ങളും മൂലം നാട്ടിലേക്ക് പോകേണ്ടിവന്നതായും ജയപ്രസാദ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. റസിഡന്റ് കമ്മീഷണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയതായും അദ്ദേഹം അറിയിച്ചു.






