വാഷിങ്ടൺ: റഷ്യൻ എണ്ണക്കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന അമേരിക്കൻ ഉപരോധത്തിൽ ഒരു മാസത്തെ ഇളവ് കൂടി നീട്ടി. കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വഹിക്കുന്ന കപ്പലുകൾക്കാണ് ഈ ഇളവ് ബാധകമാകുക. യുഎസ് ട്രഷറി വകുപ്പ് അറിയിച്ചതനുസരിച്ച് ഇളവ് ജൂൺ 17 വരെ തുടരും. ഏപ്രിൽ 17-നോ അതിന് മുമ്പോ പുറപ്പെട്ട കപ്പലുകൾക്കാണ് ഈ സൗകര്യം ലഭിക്കുക.
മുമ്പ് നൽകിയിരുന്ന ഒരു മാസത്തെ ഇളവ് മെയ് 16-ന് അവസാനിച്ചിരുന്നു. തുടർന്ന് മെയ് 18 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഉത്തരവിലൂടെ ഇളവ് ജൂൺ 17 വരെ നീട്ടുകയായിരുന്നു.
ഇതിന് മുൻപ് മാർച്ച് 5 മുതൽ റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങൾക്ക് യുഎസ് പ്രത്യേക ഇളവ് നൽകിയിരുന്നു. പിന്നീട് മറ്റു ചില രാജ്യങ്ങൾക്കും സമാന ഇളവുകൾ ലഭിച്ചെങ്കിലും അവ ഏപ്രിൽ 11-ന് അവസാനിച്ചു. ഇതോടെ പ്രതിസന്ധി രൂക്ഷമായതോടെയാണ് ഏപ്രിൽ 17-ന് കടലിലുള്ള കപ്പലുകൾക്ക് ഇളവ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്.
അതേസമയം, ഇറാൻ, ഉത്തര കൊറിയ, ക്യൂബ, ഉക്രെയ്നിലെ റഷ്യൻ അധീന പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് എണ്ണ കൊണ്ടുപോകുന്നത് പൂർണമായി നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.






