തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളെയും കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളെയും രൂക്ഷമായി പരിഹസിച്ച് വി. ശിവൻകുട്ടി. അടുക്കളയിൽ കയറിപ്പോകുന്നത് കണ്ടാൽ തോന്നും ആദ്യമായിട്ടാണ് കപ്പ കാണുന്നതെന്ന്. കപ്പയ്ക്കും അടുക്കളയ്ക്കും മത്തിക്കും വോട്ടില്ലെന്ന കാര്യം കെ.സി. വേണുഗോപാലിന് അറിയില്ലേ എന്നും ശിവൻകുട്ടി ചോദിച്ചു.
പാവപ്പെട്ട ഗിഗ് വർക്കറെ വിളിച്ച് ചായയ്ക്ക് പൈസ കൊടുത്ത് അവരുടെ സ്കൂട്ടറിന്റെ പിന്നിലിരുന്നു പോകുന്നു . ഗിഗ് വർക്കേഴ്സിനെതിരായി കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഒന്നും ചെയ്തില്ലല്ലോ. കേരളത്തിൽ 20 കോടി രൂപയാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുക്കളയിൽ കയറി കപ്പയും മത്തിയും നോക്കിയാൽ നല്ല ഭൂരിപക്ഷത്തിൽ ജയിക്കാൻ പറ്റുമെന്ന് ആരോ പറഞ്ഞുകൊടുത്തിരിക്കുന്നു, വി. ശിവൻകുട്ടി പരിഹസിച്ചു.
വിലക്കയറ്റത്തിനെതിരേ വിമർശനമെന്നോണം കെ.സി. വേണുഗോപാൽ ആലപ്പുഴയിലെ സാധാരണക്കാരുടെ വീടുകളിൽ സന്ദർശനം നടത്തിയിരുന്നു. വീട്ടമ്മമാരുടെ ദുരിതങ്ങൾ കേട്ടറിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗിഗ് വർക്കേഴ്സിന്റെ പ്രശ്നങ്ങൾ നേരിട്ടറിയാൻ അദ്ദേഹം തൊഴിലാളികൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു.




