കോട്ടയം: റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനെയും രൂക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി. തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി മാറ്റ സാധ്യത ഉണ്ടായിട്ടും അതിനെ തടഞ്ഞതാണ് പാർട്ടിയുടെ നാശത്തിന് കാരണം എന്നാണ് വിമർശനം. യോഗത്തിൽ ഭൂരിഭാഗം നേതാക്കളും യുഡിഎഫ് പ്രവേശനം തള്ളിയതിനെ രൂക്ഷമായി വിമർശിച്ചു. യുഡിഎഫ് പ്രവേശനത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നിലപാടിന് വിപരീതമായി റോഷി അഗസ്റ്റിൻ എടുത്ത സമീപനം തിരിച്ചടിയായി.
പത്തനംതിട്ട, കോട്ടയം ജില്ലാ കമ്മിറ്റികൾ ആണ് മുന്നണി മാറ്റ ചർച്ചകൾക്ക് തടസം നിന്നവർ എന്ന നിലയിൽ റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനേയും കടന്നാക്രമിച്ചത്. പിണറായി വിജയൻ്റെയും സിപിഎം നേതാക്കളുടെയും ധാഷ്ട്യവും തിരിച്ചടിയായി എന്നാണ് കേരള കോൺഗ്രസ് എം വിലയിരുത്തൽ. ആഞ്ച് വർഷക്കാലം സിപിഎമ്മിനൊപ്പം നിന്ന കേരള കോൺഗ്രസ് എമ്മാണ് ഒടുവിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. പാർട്ടിയുടെ പരാജയത്തിൽ വിശദമായ പരിശോധന നടത്താനാണ് കേരള കോൺഗ്രസ് എം തീരുമാനം.


