കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി നടനും ഇടത് സഹയാത്രികനുമായ വിനായകൻ രംഗത്ത്. താൻ കാണുന്നത് കോൺഗ്രസിന്റെ വിജയം അല്ലെന്നും ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. “കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കില്ല” എന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു. കേരളത്തിൽ 102 സീറ്റുകൾ നേടി വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് വലിയ വിജയമാണ് നേടിയത്. ഇതോടെ യുഡിഎഫ് പത്ത് വർഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തി.
അതേസമയം, എൽഡിഎഫ് 35 സീറ്റിലേക്ക് ഇടിഞ്ഞത് വലിയ തിരിച്ചടിയായി. നിരവധി മന്ത്രിമാരും തോൽവി നേരിട്ടു. കെ.ബി. ഗണേഷ് കുമാർ, വി. ശിവൻകുട്ടി, വീണ ജോർജ് എന്നിവർ ഉൾപ്പെടെ പല പ്രമുഖരും തോൽവിയേറ്റു. യുഡിഎഫ് ഭരണത്തിലേറുമ്പോൾ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ചകളും ശക്തമായി തുടരുന്നു.
കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ തുടങ്ങിയ പേരുകളാണ് പരിഗണനയിൽ ഉള്ളത്. അതേസമയം ദേശീയ തലത്തിൽ പശ്ചിമ ബംഗാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നടത്തിയതും തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായതുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.




