വിവാദങ്ങൾക്കിടയിൽ റിലീസ് ചെയ്ത കാമാഖ്യ നാരായൺ സിങ്ങിന്റെ ‘കേരള സ്റ്റോറി 2’ ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാതെ പിന്നോട്ടടിയുന്നു. കേരളത്തെ ലക്ഷ്യമിട്ട് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന വിമർശനങ്ങൾ തുടക്കം മുതൽ ഉയർന്നിരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ ചില രംഗങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത പ്രതികരണങ്ങൾക്ക് ഇടയാക്കിയപ്പോൾ, ചിത്രം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ ഉറച്ചു നിന്നത്.
സാക്നിൽക് റിപ്പോർട്ട് പ്രകാരം റിലീസിന്റെ നാലാം ദിനം ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത് വെറും രണ്ട് കോടി രൂപ മാത്രമാണ്. ആദ്യദിന കളക്ഷൻ 75 ലക്ഷം രൂപയായിരുന്നു. പ്രേക്ഷക പ്രതികരണം ദുർബലമായതോടെ കേരളം ഉൾപ്പെടെ പല കേന്ദ്രങ്ങളിലുമായി നിരവധി ഷോകൾ റദ്ദാക്കേണ്ടി വന്നതായും റിപ്പോർട്ടുകൾ പറയുന്നു.
മുന്‍പ് ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ വലിയ വിവാദങ്ങൾ സൃഷ്ടിച്ച സുദീപ്തോ സെൻ നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച ആരോപണങ്ങളാണ് മുന്നോട്ട് വെച്ചിരുന്നത്. അതിന്റെ തുടർച്ചയായാണ് ‘കേരള സ്റ്റോറി 2’ എത്തുന്നതെന്നാണ് വിലയിരുത്തൽ. ട്രെയിലറിൽ മതസപർദ്ധ വളർത്തുന്ന തരത്തിലുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയതും വിമർശനങ്ങൾക്ക് കാരണമായി.
സംസ്ഥാനത്തെ കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്നുമെല്ലാം കടുത്ത പ്രതികരണങ്ങളാണ് ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചിത്രത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന് ചിത്രം “ബുൾഷിറ്റ് പ്രൊപ്പഗണ്ട”യാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അതേസമയം, സമൂഹത്തിൽ നിർബന്ധിത മതപരിവർത്തനവും ബീഫ് കഴിപ്പിക്കൽ പോലുള്ള സംഭവങ്ങളും നടക്കുന്നതായാണ് സംവിധായകൻ കാമാഖ്യ നാരായൺ സിങ് പ്രതികരിച്ചത്.






