തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. വിഷയത്തിൽ തമിഴ്നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
തമിഴ്നാട് ധനമന്ത്രി ബജറ്റ് പ്രസംഗത്തിലാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചത്. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, കോടതികളുടെ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായിരിക്കും നടപടി സ്വീകരിക്കുകയെന്നും തമിഴ്നാട് വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്നും തമിഴ്നാട് ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ താൽപര്യങ്ങളെ ബാധിക്കുന്ന മേഘദാതു പോലുള്ള പദ്ധതികളെ എതിർക്കുമെന്നും അന്തർസംസ്ഥാന നദീജല പങ്കിടലിൽ തമിഴ്നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ബജറ്റിൽ പറയുന്നു.
ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനും കർഷകരുടെ ക്ഷേമത്തിനുമായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികൾ, ഗോദാവരി–കാവേരി നദീബന്ധന പദ്ധതി എന്നിവയ്ക്ക് മുൻഗണന നൽകുമെന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ സുരക്ഷാ ആശങ്കകളും നിലപാടുകളും പരിഗണിക്കാതെ ജലനിരപ്പ് ഉയർത്താനുള്ള നീക്കത്തിനെതിരെയാണ് സംസ്ഥാന സർക്കാർ പ്രതിഷേധം അറിയിക്കാൻ ഒരുങ്ങുന്നത്.


