തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ രജിസ്ട്രാറുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന ഡോ. മിനി കാപ്പന്റെ അപേക്ഷയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. മറ്റാര്‍ക്കെങ്കിലും ചുമതല കൈമാറുമെന്നാണ്് സൂചന. അതേസമയം സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ അയക്കുന്ന ഫയലുകള്‍ വി സി തീരുമാനമെടുക്കാതെ തിരിച്ചയക്കുകയാണ്.
ജോയിന്റ് രജിസ്ട്രാറുമാരോട് നേരിട്ട് ഫയല്‍ അയക്കാന്‍ ആണ് വീണ്ടും വിസി നിര്‍ദ്ദേശിക്കുന്നത്. സിന്‍ഡിക്കേറ്റ് യോഗം ഉടന്‍ ചേരേണ്ടതില്ല എന്നാണ് വിസിയുടെ തീരുമാനം. തിങ്കളാഴ്ച വിസി മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാലയില്‍ എത്തിയേക്കും.
ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളാണ് കേരള സര്‍വകലാശാലയിലെ പ്രതിസന്ധികള്‍ക്ക് കാരണം. പുതിയ കോഴ്സുകളിലേക്കുള്ള അഡ്മിഷനും, പരീക്ഷാനടത്തിപ്പും, സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളാണ് താളം തെറ്റിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍കുതിപ്പിന് തയ്യാറെടുക്കുന്ന ഒരു സംസ്ഥാനത്താണ് സര്‍വകലാശാല കേവലം രാഷ്ട്രീയ വൈരത്തിന്റെ വിളനിലമായി മാറുന്നത്.






